സഹോദരൻ സ്റ്റാലിൻ... രാaഹുലിൻ്റെ കുറിപ്പ്..എട്ടപ്പൻമാരായല്ല, കട്ടബൊമ്മൻമാരെന്ന് സ്റ്റാലിൻ്റെ മറുപടി
ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനെ പുകഴ്ത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്റ്റാലിൻ തനിക്ക് സഹോദര തുല്യനാണെന്നും തമിഴ് വിരുദ്ധ ശക്തികൾക്കെതിരേ എന്നും പാറ പോലെ ഉറച്ചുനിന്ന വ്യക്തിയാണ് അദ്ദേഹം എന്നും രാഹുൽ പറഞ്ഞു. മണ്ഡല പുനർനിണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും ഡിഎംകെയെ പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിൻ്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ചെന്നൈയിൽ വെച്ച് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘം എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് എക്സിലൂടെയുള്ള രാഹുലിൻ്റെ കുറിപ്പ്
'തമിഴ് വിരുദ്ധ ശക്തികൾക്കെതിരേ എന്നും പാറ പോലെ ഉറച്ചുനിന്ന വ്യക്തിയാണ് സഹോദരൻ സ്റ്റാലിൻ. രാജ്യതാത്പര്യം സംരക്ഷിക്കുന്നതിനും തമിഴ്നാടിൻ്റെ താത്പര്യം സംരക്ഷിക്കുന്നതിനും ഭരണഘടനയെ സംരക്ഷിക്കുന്നതിനും ഈ ബില്ലിനെ നമ്മുക്ക് പരാജയപ്പെടുത്തേണ്ടതുണ്ട്. സീറ്റുകളുടെ എണ്ണം 850 ആയി വർദ്ധിപ്പിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കും. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം മുഴുവൻ മാറ്റി മറിയ്ക്കാൻ ഇത് ബി ജെ പിക്കും ആർഎസ്എസിനും അവസരം ഒരുക്കും', രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

അതേസമയം വൈകാതെ തന്നെ രാഹുൽ ഗാന്ധിക്ക് ട്വിറ്ററിലൂടെ തന്നെ സ്റ്റാലിൻ മറുപടി നൽകി. ഭരണഘടനയേയും തമിഴ്നാടിൻ്റെ താത്പര്യത്തേയും സംരക്ഷിക്കുന്നതിൽ ഡിഎംകെ വഹിച്ച ചരിത്രപരമായ പങ്ക് അംഗീകരിച്ചതിന് സഹോദരനായ രാഹുൽ ഗാന്ധിയെ നന്ദി അറിയിക്കുന്നു.
തമിഴ്നാടിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും തമിഴ് ജനതയ്ക്കും വേണ്ടിയാണ് ഡിഎംകെ എല്ലാകാലത്തും നിലകൊണ്ടത്. ഈ നിലപാടിൽ ഞങ്ങൾ ഒരിക്കൽ പോലും വെള്ളം ചേർത്തിട്ടില്ല. ചരിത്രം ഞങ്ങളെ എട്ടപ്പൻമാരായല്ല, മറിച്ച് കട്ടബൊമ്മൻമാരായി തന്നെയായിരിക്കും വിലയിരുത്തുക. അതിൽ തനിക്ക് ഉറച്ച വിശ്വാസമുണ്ട്',സ്റ്റാലിൻ പറഞ്ഞു.
സഖ്യം അവസാനിപ്പിച്ചതിന് ശേഷം ഇത് ആദ്യമായാണ് കോണ്‍ഗ്രസ് നേതാക്കളും എംകെ സ്റ്റാലിനും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്തിയ ജോസഫ് വിജയിയുടെ ടിവികെയ്ക്കൊപ്പം കോണ്‍ഗ്രസ് കൈകോർത്തതോടെയാണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. തങ്ങളെ ചതിച്ച കോണ്‍ഗ്രസുമായി ഇനി സഖ്യമില്ലെന്നാണ് ഡിഎംകെ അന്ന് പ്രഖ്യാപിച്ചത്. അതേസമയം കോണ്‍ഗ്രസ് നേതാക്കളുമായി ഇന്ന് എംകെ സ്റ്റാലിൻ കൂടിക്കാഴ്ച നടത്തുമെങ്കിലും ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഡിഎംകെ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ചയാണ് ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ വ്യക്തമാക്കിയത്. രണ്ട് ഉപാധികളാണ് ഡിഎംകെ മുന്നോട്ട് വെച്ചത്. 1971 ലെ സെന്‍സസ് പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അനുപാതം 25 വര്‍ഷത്തേക്ക് തുടരണമെന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. 7.18 ശതമാനമെന്ന സംസ്ഥാന സീറ്റ് വിഹിതം നിലനിര്‍ത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും കേന്ദ്രസർക്കാർ അംഗീകരിച്ചതിനാലാണ് ബില്ലിനെ പിന്തുണയ്ക്കാണ് തീരുമാനിച്ചതെന്നാണ് നേതൃത്വം വ്യക്തമാക്കിയത്.


Click it and Unblock the Notifications
