അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ വരണം, പഞ്ചാബ് തോൽവിക്ക് കാരണം ആഭ്യന്തര തർക്കമെന്നും ഗെഹ്ലോട്ട്
ദില്ലി; കോൺഗ്രസിൽ സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും നതേൃത്വത്തെ ഒരിക്കലും ചോദ്യം ചെയ്യരുതെന്ന് മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നിർണായക കോൺഗ്രസ് പ്രവർത്തക സമിതി യോഗം ദില്ലിയിൽ തുടങ്ങാനിരിക്കേയായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം.

പഞ്ചാബിലെ നിയമസഭ തിരിച്ചടിക്ക് കാരണം പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ്. തിരഞ്ഞെടുപ്പിൽ ഉയർച്ച താഴ്ചകളുണ്ട്. ബി ജെ പിക്ക് വെറും രണ്ട് സീറ്റുകൾ മാത്രം ലഭിച്ച സമയം ഉണ്ട്. ഹിന്ദുത്വത്തെക്കുറിച്ചും ധ്രുവീകരണത്തെക്കുറിച്ചും പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ വിജയിക്കുക എളുപ്പമാണ്, ഗെഹ്ലോട്ട് പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി രാജ്യത്തിനകത്ത് നടക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരിൽ പലതും നടക്കുന്നുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. തീ പടർത്താൻ വളരെ എളുപ്പമാണ്. എന്നാൽ അത് അണയ്ക്കുന്നത് ഏറെ പ്രയാസമാണ്. ഉത്തരാഖണ്ഡിലായാലും ഉത്തർപ്രദേശിലായാലും തീ ആളിപടർത്തുകയെന്ന് മാത്രമാണ് ബി ജെ പി ചെയ്യുന്ന ജോലി. ഭരണഘടന അട്ടിമറിക്കപ്പെടുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ, ജുഡീഷ്യറി, സി ബി ഐ, ആദായ നികുതി, മാധ്യമങ്ങൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളെ ബി ജെ പി സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. മാധ്യമങ്ങളും ബി ജെ പിക്കായി വലി പങ്കുവഹിക്കുന്നുണ്ട്.
പഞ്ചാബിൽ ഞങ്ങൾക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിൽ ജനങ്ങൾക്ക് അതൃപ്തി ഉണ്ടായിരുന്നു.ധ്രുവീകരണത്തിന്റെയും ജാതീയതയുടെയും മതത്തിന്റെയും പേരിൽ രാഷ്ട്രീയം കളിച്ചാൽ അത്തരത്തിലുള്ള ഫലങ്ങൾ വരും. പരിഭ്രാന്തരാകരുത്, അന്തിമ വിജയം സത്യമായിരിക്കും,ഗെഹ്ലോട്ട് പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് പരാജയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യണമെന്ന് ഗെഹ്ലോട്ട് പറഞ്ഞു.അതേസമയം രാഹുൽ ഗാന്ധി തന്നെ പാർട്ടി അധ്യക്ഷ പദം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ രാഹുലിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങണമെന്ന് നേരത്തേയും ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നിക് വരണമെന്ന നിർദ്ദേശമാണ് കോൺഗ്രസിലെ വിമത കൂട്ടായ്മയായ ജി 23 നേതാക്കൾ ഉയർത്തിയത്. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് മുകുള്‍ വാസ്‌നിക്. എന്‍ എസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications