പരസ്പരം പുകഴ്ത്തി രാഹുലും ഹസാരെയും
ദില്ലി: ലോക്പാല്‍ വിഷയത്തില്‍ പിന്തുണച്ച ഗാന്ധിയന്‍ അണ്ണാ ഹസാരെയ്ക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. ഹസാരെയുടെ അഭിനന്ദനം വിലമതിക്കുന്നു എന്നും ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിന് പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്പാല്‍ നിയമമാക്കുന്നതില്‍ മുന്‍കൈയ്യെടുത്ത രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് അണ്ണാ ഹസാരെ നേരത്തെ കത്തയച്ചിരുന്നു.
ഞായറാഴ്ചയാണ് സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിനെ പിന്തുണച്ചുകൊണ്ട് അണ്ണാ ഹസാരെ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്. ലോക്പാല്‍, ലോകായുക്ത ബില്ലുകള്‍ പാസാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തും അതിന് മുന്‍കൈയ്യെടുക്കുന്നതില്‍ അഭിനന്ദിച്ചുമായിരുന്നു കത്ത്. ശക്തമായ വകുപ്പുകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ച നടപ്പാക്കണം എന്നും കത്തില്‍ ഹസാരെ അഭ്യര്‍ഥിച്ചിരുന്നു.

ഇതിന് മറുപടിയായി രാഹുല്‍ ഗാന്ധി തന്റെ സന്തോഷം അറിയിച്ചുകൊണ്ട് അണ്ണാ ഹസാരെയ്ക്ക് മറുപടി എഴുതിയിരുന്നു. ഇരുകത്തുകളും എ ഐ സി സിയാണ് പുറത്തുവിട്ടത്. താന്‍ മുന്നോട്ട് വച്ച ലോക്പാല്‍ ബില്ലിനെക്കാളും ജനോപകാരപ്രദമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ കഴിയുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായും അണ്ണാ ഹസാരെ പറഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച ലോക്പാല്‍ ബില്ലിനെ ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. പല്ലും നഖവും പോയ ലോക്പാല്‍ ബില്ലിനെ പിന്തുണക്കാനുള്ള അണ്ണാ ഹസാരെയുടെ തീരുമാനത്തെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ദൗര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. ഇത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications