കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 ബാങ്ക് എകൗണ്ടുകള്‍, 16 ലോക്കറുകള്‍, 400 കോടിയുടെ ഭൂമി, പഴയ ചായക്കടക്കാരന്റെ ആസ്തി കണ്ട് ഞെട്ടി

കണ്ണടച്ച് തുറക്കും മുമ്പ് കോടീശ്വരനായി മാറിയ ഗുജറാത്തിലെ സൂറത്ത് സ്വദേശി കിഷോര്‍ ഭാജിയവാലയുടെ സ്വത്തുക്കള്‍ ആരെയും അമ്പരപ്പിക്കും.

  • By Ashif
Google Oneindia Malayalam News

സൂറത്ത്: കണ്ണടച്ച് തുറക്കും മുമ്പ് കോടീശ്വരനായി മാറിയ ഗുജറാത്തിലെ സൂറത്ത് സ്വദേശി കിഷോര്‍ ഭാജിയവാലയുടെ സ്വത്തുക്കള്‍ ആരെയും അമ്പരപ്പിക്കും. ദിവസങ്ങളായി ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളും ബാങ്ക് എകൗണ്ടുകളും ആദായ നികുതി വകുപ്പ് ഉദ്യോഗസസ്ഥര്‍ പരിശോധിച്ച് വരികയാണ്. റെയ്ഡ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ ഞെട്ടിക്കുംവിധമാണ് ഭാജിയവാലയുടെ സ്വത്തുരേഖകള്‍.

സ്വന്തം പേരിലും വ്യാജ പേരിലുമായി നിരവധി ബാങ്ക് എകൗണ്ടുകളും ലോക്കറുകളുമുള്ള ഇയാളുടെ ഒരു ലോക്കറില്‍ നിന്നു മാത്രം കിട്ടിയത് രണ്ട് കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചായവില്‍പ്പനക്കാരനായെത്തിയ ഒരു സാധാരണക്കാരന്‍ കോടികളുടെ ആസ്തിയുള്ള ആളായി മാറിയതെങ്ങനെയെന്നാണ് ആരെയും അതിശയിപ്പിക്കുന്നത്.

ഭാജിയ വാലയുടെ വിവിധ ബാങ്ക് എകൗണ്ടുകളില്‍ നിന്നു മാത്രം 1.33 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 95 ലക്ഷം പുതിയ 2000ന്റെ നോട്ടുകളാണ്. ബാക്കി നിരോധിത നോട്ടായും 100, 50, 20 രൂപാ നോട്ടുകളുമായിട്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. നോട്ട് നിരോധനം വന്നതിന് ശേഷം കൈയിലുണ്ടായിരുന്ന പണം വെളുപ്പിക്കാന്‍ ഇയാള്‍ ആളുകള്‍ക്ക് കമ്മീഷന്‍ നല്‍കുന്നുണ്ടെന്ന റിപോര്‍ട്ടുകളാണ് ആദായ നികുതി വകുപ്പിനെ ഭാജിയവാലയിലേക്കെത്തിച്ചത്.

400 കോടിയുടെ ഭൂമി രേഖകള്‍

ഏഴ് കോടിയുടെ സ്വര്‍ണാഭരണങ്ങള്‍, 72 ലക്ഷത്തിന്റെ വെള്ളി എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കൂടാതെ ഇയാളുടെ വീട്ടില്‍ നിന്നു 400 കോടി രൂപയുടെ ഭൂമി രേഖകളും പിടികൂടിയിട്ടുണ്ട്. ഈ മാസം 13ന് തുടങ്ങിയ പരിശോധനകള്‍ നാളെയും തുടരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൂറത്തിലെ ഉദ്‌നയിലുള്ള ഓഫിസില്‍ വച്ചാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ ആളുകള്‍ക്ക് ഇയാള്‍ പഴയ നോട്ട് നല്‍കിയിരുന്നത്. ഈ മാസം 13ന് ഇയാളുടെ ഓഫിസ് റെയ്ഡ് ചെയ്ത് 23 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

30 ബാങ്ക് എകൗണ്ടുകള്‍, 16 ലോക്കറുകള്‍

പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ക്ക് മുപ്പതിലധികം ബാങ്ക് എകൗണ്ടുകളും 16 ലോക്കറുകളുമുണ്ടെന്ന് ബോധ്യമായത്. സൂറത്തിലെ സഹകരണ ബാങ്കിലും ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവിടങ്ങളിലുമാണിവ. ചിലത് സ്വന്തം പേരിലും മറ്റുള്ളവ ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിലുമാണ്. ജനങ്ങള്‍ക്ക് നല്‍കിയ വായ്പയുടെ കണക്ക് രേഖപ്പെടുത്തിയ ഡയറി കണ്ടെത്തിയിട്ടുണ്ട്. കോഡ് ഭാഷയിലാണ് എഴുതിയിട്ടുള്ളത് എന്നതിനാല്‍ ഇതില്‍ നിന്നു കാര്യമായി ഒന്നും മനസിലാക്കാനായിട്ടില്ല. ബംഗ്ലാവ്, ഫ്‌ളാറ്റ്, വീടുകള്‍, കടകള്‍, കൃഷി ഭൂമികള്‍ തുടങ്ങി 70 ലധികം സ്വത്ത് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ എകൗണ്ടുകള്‍ വഴി കോടികളുടെ ഇടപാട് ഓരോ മാസവും നടന്നിട്ടുണ്ട്.

ഇതൊന്നുമല്ല ഭാജിയവാല

കള്ളപ്പണം തേടിയിറങ്ങിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്ക് എകൗണ്ടുകളിലെ സംശയം തോന്നിയാണ് ആദ്യം പരിശോധിച്ചത്. അതിനിടെയാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ പണം നല്‍കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍ വന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിശോധിച്ച് തീരാത്തത്ര സ്വത്തുക്കളുടെ ഉടമയാണ് ഇയാളെന്നത് ആദായ നികുതി വകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. 31 വര്‍ഷം മുമ്പ് സൗരാഷ്ട്രയില്‍ നിന്നെത്തിയ ചായ വില്‍പ്പനക്കാരന്‍ ഉദ്‌നാഗാമിലെ കോടീശ്വരനായതിന് പിന്നിലെ കളികള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളു. ബാങ്ക് വായ്പയെടുത്താണ് ആദ്യം ചായ കട തുടങ്ങിയത്. പിന്നീട് ആളുകള്‍ക്ക് പണം കടം കൊടുത്ത് പലിശ ഈടാക്കി. തിരിച്ചു തരാത്തവരുടെ സ്വത്ത് രേഖകള്‍ ബലം പ്രയോഗിച്ച് കൈക്കലാക്കി. ഇങ്ങനെ ഇയാളില്‍ വന്ന് ചേര്‍ന്നത് കോടികളുടെ സ്വത്തുക്കളാണ്.

ഉന്നത രാഷ്ട്രീയ-പോലിസ് ബന്ധം

രാഷ്ട്രീയ പാര്‍ട്ടികളുമായും പോലിസുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ ആരും ഇതുവരെ ഭാജിയവാലയെ തൊടാന്‍ ധൈര്യപ്പെട്ടിരുന്നില്ല. സ്വത്ത് ബലംപ്രയോഗിച്ച് പിടിച്ചെടുത്താല്‍ പോലും ഇയാള്‍ക്കെതിരേ ആരും നടപടിക്കൊരുങ്ങാത്തിന് കാരണം ഇതുതന്നെ. നോട്ട് നിരോധനം വന്ന തൊട്ടടുത്ത ദിവസം വലിയ ബാഗില്‍ നിറയെ കാശുമായി സൂറത്ത് സഹകരണ ബാങ്കിലെത്തുന്ന ഭാജിയവാലയുടെ വീഡിയോ ദൃശ്യം ബാങ്കിലെ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ബാങ്കുകള്‍ കൃത്യമായി മറുപടി നല്‍കാത്തതിനാല്‍ കാമറകള്‍ പിടിച്ചെടുത്തിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

വീണ്ടും സ്വര്‍ണാഭരണങ്ങള്‍

അതിനിടെ, ഭാജിയവാലയുടെ സൂറത്ത് സഹകരണ ബാങ്കിലെ ഡമ്മി എകൗണ്ടില്‍ നിന്നു 2.67 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ശനിയാഴ്ച വൈകീട്ട് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണം ആരംഭിക്കാനിരിക്കയാണ്. ആദായനികുതി വകുപ്പിനോട് ലഭ്യമായ രേഖകള്‍ കൈമാറാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാജിയവാലക്കെതിരേ കള്ളപ്പണം വെളുപ്പിച്ചതിന് കേസെടുത്തേക്കും.

എന്തിനും തയ്യാറായി ഗുണ്ടാസംഘം

ഉദ്‌നയിലെ ഉദ്യോഗ്‌നഗര്‍ സൊസൈറ്റിയില്‍ ഭാജിയവാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പരിശോധനക്കെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ചില ഗുണ്ടകള്‍ തടഞ്ഞു. ഇവിടുത്തെ ചെറിയ വീട്ടില്‍ ഭാജിയവാല കൂടുതല്‍ സ്വത്ത് രേഖകള്‍ ഒളിപ്പിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ഗുണ്ടകളുമായി ഏറെ നേരം വാക് തര്‍ക്കമുണ്ടായതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് അകത്ത് കടക്കാനായത്. ഇവിടെ പരിശോധന നാളെയും നടക്കും. ഭാജിയവാലയുടെ ഉടമസ്ഥതയില്‍ സൂറത്തിലുള്ള ജ്വല്ലറികളിലും പരിശോധന തുടരുകയാണ്. ഇവിടെ നിന്നു ചില ഭൂമി രേഖകള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്.

English summary
Income Tax officials have recovered cash worth Rs 1.33 crore from accounts linked to Surat financier Kishor Bhajiyawala. Besides the cash, also seized gold ornaments worth more than Rs 7 crore and silver worth over Rs 72 lakh. This apart, documents of property valued at nearly Rs 400 crore have been recovered from Bhajiyawala’s house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X