ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റം; മാർച്ച് 1 മുതൽ ട്രെയിൻ ടിക്കറ്റ് എടുക്കേണ്ടത് ഇങ്ങനെ
ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുന്നു. അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി യാത്രക്കാർ ഉപയോഗിച്ചിരുന്ന യുടിഎസ് (UTS) ആപ്പ് സേവനം മാർച്ച് 1 മുതൽ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചു. പകരം, റെയിൽവേയുടെ വിവിധ സേവനങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ടുള്ള ഏകീകൃത പ്ലാറ്റ്‌ഫോമായ 'റെയിൽവൺ' (RailOne app) ആപ്പിലൂടെയാകും ഇനി മുതൽ ടിക്കറ്റുകൾ ലഭ്യമാകുക.
നിലവിൽ റിസർവേഷൻ ടിക്കറ്റുകൾക്കായി ഐആർസിടിസി (IRCTC) ആപ്പും അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി യുടിഎസ് ആപ്പും വെവ്വേറെ ഉപയോഗിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് റെയിൽവേ ഈ പുതിയ 'സൂപ്പർ ആപ്പ്' അവതരിപ്പിക്കുന്നത്. ഇതിലൂടെ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ, ജനറൽ ടിക്കറ്റുകൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് ബുക്ക് ചെയ്യാൻ സാധിക്കും.

പ്രധാന പ്രത്യേകതകൾ
ഏകീകൃത സേവനം: ഐആർസിടിസി റെയിൽ കണക്ട്, യുടിഎസ് ആപ്പുകളുടെ സേവനങ്ങൾ ഇനി റെയിൽവൺ ആപ്പിൽ ലഭ്യമാകും.
ഡിജിറ്റൽ പേയ്‌മെന്റ് ഇളവ്: റെയിൽവൺ ആപ്പ് വഴി ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് 3% ഇളവ് ലഭിക്കും. ആർ-വാലറ്റ് (R-Wallet) ഉപയോഗിക്കുന്നവർക്ക് 3% ക്യാഷ്ബാക്കും റെയിൽവേ വാഗ്ദാനം ചെയ്യുന്നു.
പഴയ ലോഗിൻ വിവരങ്ങൾ: നിലവിൽ യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതേ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് റെയിൽവൺ ആപ്പിലും ലോഗിൻ ചെയ്യാം. യുടിഎസ് ആപ്പിൽ നിലവിലുള്ള സീസൺ ടിക്കറ്റുകൾ പുതിയ ആപ്പിലേക്കും മാറും.
അധിക സേവനങ്ങൾ: പിഎൻആർ സ്റ്റാറ്റസ് പരിശോധന, പാഴ്‌സൽ ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, ഭക്ഷണ വിതരണം (E-Catering), റെയിൽ മദാദ് തുടങ്ങിയ സേവനങ്ങളും ഈ ആപ്പിലുണ്ടാകും.
മാർച്ച് ഒന്ന് മുതൽ യുടിഎസ് സേവനം പൂർണ്ണമായും നിർത്തലാക്കുന്നതിനാൽ, യാത്രക്കാർ എത്രയും വേഗം റെയിൽവൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് റെയിൽവേ അറിയിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ പുതിയ ആപ്പ് ലഭ്യമാണ്.












Click it and Unblock the Notifications