ബജറ്റ് പ്രതിഷേധം; റെയില്‍ മന്ത്രിയുടെ നെയിംബോര്‍ഡ് കോണ്‍ഗ്രസ് തകര്‍ത്തു
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കന്നി റെയില്‍വേ ബജറ്റ് ജനവിരുദ്ധമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ വീടിനു മുന്നില്‍ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡ് ഇളക്കിമാറ്റുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
ബജറ്റ് അവതരിപ്പിച്ചശേഷം വീട്ടിലേക്ക് വരികയായിരുന്ന മന്ത്രിയെ ഗേറ്റില്‍ തടയാനും ശ്രമിച്ചു കോണ്‍ഗ്രസ് നേതാവ് മുകേഷ് ശര്‍മയുടെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പ്രവര്‍ത്തകരെ സദാനന്ദ ഗൗഡയുടെ വീടിനു മുന്നില്‍ നിന്നും നീക്കം ചെയ്തു.

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള പ്രതിഷേധം നടത്തിയത് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിംഗ് ലവ്‌ലി പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറണമെന്നും ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധം തുടരണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പക്വതയില്ലായ്മയാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വിമര്‍ശിച്ചു.
സദാനന്ദ ഗൗഡയുടെ ആദ്യത്തെ റെയില്‍വേ ബജറ്റിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബജറ്റ് പൂര്‍ണമായും ജനവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രതീക്ഷയ്ക്ക് വകയില്ലാത്ത ബജറ്റാണിതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റെയില്‍ ബജറ്റ് പരാജയമാണെന്നും പാവപ്പെട്ടവരെ കരയിക്കുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും പറഞ്ഞു.












Click it and Unblock the Notifications