റെയിൽവേ അഴിമതിക്കേസ്; ഇഡിക്ക് മുൻപിൽ ഹാജരായി ലാലു പ്രസാദ് യാദവ്, തേജസ്വിക്കും നോട്ടീസ്
പാട്ന: റെയിൽവെ ജോലിക്ക് പകരം കോഴ വാങ്ങിയെന്ന കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഇന്ന് രാവിലെ 11 മണിയോടെയാണ് ലാലു പ്രസാദ് യാദവിനെ ഇഡി ചോദ്യം ചെയ്തത്. പറ്റ്നയിലെ ഇഡി ആസ്ഥാനത്താണ് അദ്ദേഹം ഹാജരായത്. കഴിഞ്ഞ മാസം 19 നായിരുന്നു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ലാലുവിന് ഇഡി നോട്ടീസ് നൽകിയത്. കേസിൽ തേജസ്വി യാദവിനോടും നാളെ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ലാലു പ്രസാദ് യാദവിനെ ഇഡി ചോദ്യം ചെയ്യുന്ന പട്നയിലെ ഓഫീസിന് മുൻപിൽ ആർജെഡി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമായിരുന്നു തീർത്തത്. ലാലുവിന്റെ മകൾ മിസയും ബിജെപിക്കെതിരെ രംഗത്തെത്തി. 'സമൻസ് ഒരു പുതിയ കാര്യമൊന്നുമല്ല. അവർക്ക് തോന്നുമ്പോഴൊക്കെ സമൻസ് അയക്കും. ഇപ്പോൾ ഞങ്ങൾ കുടുംബാംഗങ്ങൾക്ക് മാത്രമല്ല ,പ്രതിപക്ഷത്തിരിക്കുന്ന എല്ലാവർക്കും സമൻസ് അയക്കുന്നുണ്ട്',മിസ പ്രതികരിച്ചു.

നേരത്തേ ഡിസംബർ 22 ന് ഹാജരാകാൻ ആവശ്യപ്പെട്ട് തേജസ്വി യാദവിനും ഇഡി നോട്ടീസ് നൽകിയിരുന്നു. പിന്നീട് 5 ന് ഹാജാരാകാൻ ആവശ്യപ്പെട്ടു. എന്നാൽ തേജസ്വി ഹാജരായിരുന്നില്ല. തുടർന്ന് 27 ന് ഹാജരാകാനും നോട്ടീസ് നൽകി. അന്നും ഹാജരാകാതിരുന്നതോടെയാണ് നാളെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രി ആയിരിക്കെ 2008-2009 കാലഘട്ടത്തിൽ 12 പേർക്ക് റെയിൽവേയിൽ ജോലി നൽകുകയും പകരം നിസാര വിലയ്ക്ക് ഇവരുടെ ഭൂമി ലാലുപ്രസാദ് യാദവ് എഴുതി വാങ്ങി എന്നുമാണ് സിബിഐ കേസ്. ലാലു പ്രസാദ് യാദവും ഭാര്യയും രണ്ട് മക്കളും ഉൾപ്പടെ 16 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
അതേസമയം ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലും ഇഡി സംഘം പരിശോധന നടത്തി. സോറൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇഡി എത്തിയത്. ഭൂമി കുംഭകോണത്തിലെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇഡി അറിയിച്ചു. അടുത്ത ആഴ്ച നേരിട്ട് ഹാജരാകൻ ആവശ്യപ്പെട്ട് ഇഡി വീണ്ടും സോറന് നോട്ടീസ് നൽകിയിട്ടുണ്ട്.നേരത്തേ ഒൻപത് തവണ ഇഡി സോറന് സമൻസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ജനുവരി 20ന് അന്വേഷണ ഉദ്യോഗസ്ഥർ റാഞ്ചിയിലെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തിയിരുന്നു. അതേസമയം ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് പാർട്ടി ആരോപിച്ചു.












Click it and Unblock the Notifications