റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ്; 2028 കോടി രൂപ അനുവദിച്ചു
ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് 2,028.57 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 11.72 ലക്ഷത്തിലധികം റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ബോണസ് നല്‍കാനാണ് തുക അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ട്രാക്ക് മെയിന്റനര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്നീഷ്യന്‍മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ റെയില്‍വേ ജീവനക്കാര്‍ക്ക് സഹായകമാണ് തീരുമാനം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലെ നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ബോണസ്.

ഇത് പ്രകാരം ഒരു ജീവനക്കാരന് ലഭിക്കുന്ന പരമാവധി തുക 17,951 ആയിരിക്കും. ദുര്‍ഗാ പൂജയ്ക്കും ദസറ അവധികള്‍ക്കും മുന്നോടിയായാണ് ബോണസ് വിതരണം ചെയ്യുക. അതേസമയം പ്രഖ്യാപനത്തില്‍ നിരവധി റെയില്‍വേ യൂണിയനുകള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള ബോണസ് വേണം എന്നാവശ്യപ്പെട്ട് യൂണിയനുകള്‍ രംഗത്തെത്തി.
ഇന്ത്യന്‍ റെയില്‍വേ എംപ്ലോയീസ് ഫെഡറേഷന്‍, ഇന്ത്യന്‍ റെയില്‍വേ സിഗ്‌നല്‍ & ടെലികമ്മ്യൂണിക്കേഷന്‍ മെയിന്റനേഴ്സ് യൂണിയന്‍ തുടങ്ങിയ യൂണിയനുകള്‍ നിലവിലെ ശമ്പള സ്‌കെയിലുകളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ അല്ല ബോണസ് കണക്കാക്കിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി.യ
'ആറാം ശമ്പള കമ്മീഷന് കീഴിലുള്ള ഏറ്റവും കുറഞ്ഞ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് എല്ലാ വര്‍ഷവും ഞങ്ങള്‍ക്ക് ബോണസ് ലഭിക്കുന്നത്. ഇത് അന്യായമാണ്,' ഐആര്‍ഇഎഫിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സര്‍വ്ജീത് സിംഗ് പറഞ്ഞു. ബോണസ് തുക 17951 ആണെങ്കിലും, ഇത് 7000 എന്ന ശമ്പള സ്‌കെയിലിലാണ് കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍ ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപ ആയി നിശ്ചയിച്ചതിനാല്‍ ഇത് ബാധകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ ശമ്പള സ്‌കെയിലിന് അനുസൃതമായി ബോണസ് തുക 46,159 ആയിരിക്കണം' എന്ന് ഇന്ത്യന്‍ റെയില്‍വേ സിഗ്‌നല്‍ & ടെലികമ്മ്യൂണിക്കേഷന്‍ മെയിന്റനേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അലോക് ചന്ദ്ര പ്രകാശ് പറഞ്ഞു. ബോണസ് ഘടന പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഐആര്‍ഇഎഫ് രണ്ടാഴ്ച മുമ്പ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. ഇതോടെ തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി യൂണിയനുകള്‍ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications