ടിക്കറ്റ് വില്‍ക്കാന്‍ സ്വകാര്യപങ്കാളിത്തം ക്ഷണിച്ച് റെയില്‍വെ
ദില്ലി : റെയില്‍വെ സ്റ്റേഷനുകളിലെ നീണ്ട ക്യൂവും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കാനായി ഇന്ത്യന്‍ റെയില്‍വെ പുതിയ പദ്ധതി നടപ്പാക്കുന്നു. ടിക്കറ്റ് വില്പനയ്ക്ക് സ്വകാര്യ പങ്കാളിത്തം ക്ഷണിക്കാനൊരുങ്ങുകയാണ് റെയില്‍വെ. ഇതിനായി യാത്രി ടിക്കറ്റ് സുവിധ കേന്ദ്രങ്ങള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
റിസര്‍വേഷന്‍ ടിക്കറ്റുകളും റിസര്‍വേഷനില്ലാത്ത ടിക്കറ്റുകളും ഒരു കുടക്കീഴില്‍ ഒരുക്കി യാത്രക്കാരെ സഹായിക്കാണ് പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. ടിക്കറ്റ് വില്പനയില്‍ അഞ്ചുവര്‍ഷത്തെ അനുഭവസമ്പത്തുളള ഏജന്‍സികളെയാണ് യാത്രി ടിക്കറ്റ് സുവിധാ കേന്ദ്രങ്ങള്‍ തുടങ്ങാനായി ക്ഷണിച്ചിരിക്കുന്നത്. നാല് കൗണ്ടറുകള്‍ വരെ തുടങ്ങാന്‍ ഇവയ്ക്ക് അവസരമുണ്ടായിരിക്കും.

റെയില്‍വെ സ്റ്റേഷനുകലിലെ കൗണ്ടറുകളില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും ടിക്കറ്റ് സുവിധാ കേന്ദ്രങ്ങളിലെ സമയക്രമം. നിലവില്‍ റെയില്‍വെ സ്റ്റേഷനുകളിലെ കൗണ്ടര്‍ രാവിലെ എട്ടുമുതലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. എന്നാല്‍ ടിക്കറ്റ് സുവിധാ കേന്ദ്രങ്ങള്‍ ഒമ്പതു മണിക്കായിരിക്കും പ്രവര്‍ത്തനം തുടങ്ങുന്നത്. രാത്രി 11 വരെ ഇവ പ്രവര്‍ത്തിക്കും.
അതേസമയം റെയില്‍വെയുടെ ഈ നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുവന്നിട്ടുണ്ട്. പിന്‍വാതിലിലൂടെയുളള സ്വകാര്യവത്ക്കരണമായാണ് യൂണിയനുകള്‍ ഈ നീക്കത്തെ കാണുന്നത്. ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകുമെന്നും യൂണിയനുകള്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications