സ്‌പെഷ്യല്‍ സര്‍വീസുകളായി ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകള്‍ സ്ഥിരമാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
തൃശൂര്‍: കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യം റെയില്‍വേ മന്ത്രാലയം അംഗീകരിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന അഞ്ച് പ്രധാന സ്‌പെഷ്യല്‍/ഉത്സവ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കി. ഉത്സവ സീസണുകളിലും സ്‌പെഷ്യല്‍ സര്‍വീസുകളായും ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകളാണ് സ്ഥിരപ്പെടുത്തിയതെന്ന് എംപി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 16 മുതല്‍ ആണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമേകുന്നതാണ് പുതിയ മാറ്റങ്ങളെന്ന് സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു. എറണാകുളം - വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംക്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്, കൊല്ലം - എറണാകുളം മെമു, പാലക്കാട് - കണ്ണൂര്‍ എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ - പാലക്കാട് എക്‌സ്പ്രസ് എന്നിവയാണ് സ്ഥിരം സര്‍വീസുകളായി ഇനി ഓടുന്നത്. ഇതില്‍ മംഗളൂരു സെന്‍ട്രല്‍ - പാലക്കാട് എക്‌സ്പ്രസ് മാര്‍ച്ച് 16 മുതല്‍ പാലക്കാട് വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെയും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയുടെയും നേതൃത്വത്തിൽ, കേരളത്തിലെ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർത്ഥ്യമാകുന്നു. നിലവിൽ സ്പെഷ്യൽ/ ഉത്സവ സ്പെഷ്യൽ ട്രെയിനുകളായി ഓടിക്കൊണ്ടിരുന്ന പല സർവീസുകളും ഈ വാരം മുതൽ സ്ഥിര സർവീസുകളായി (Regularization) മാറുകയാണ്!
യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമേകുന്ന പുതിയ മാറ്റങ്ങൾ താഴെ നൽകുന്നു:
സ്ഥിര സർവീസുകൾ - മാർച്ച് 16 മുതൽ:
എറണാകുളം - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (16363/64): എറണാകുളത്ത് നിന്ന് മാർച്ച് 18-നും വേളാങ്കണ്ണിയിൽ നിന്ന് മാർച്ച് 19-നും സ്ഥിര സർവീസ് ആരംഭിക്കുന്നു.
തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ് (16313/14): മാർച്ച് 16 മുതൽ തിരുവനന്തപുരത്ത് നിന്നും മാർച്ച് 17 മുതൽ മംഗളൂരുവിൽ നിന്നും സ്ഥിര സർവീസായി ഓടും.
കൊല്ലം - എറണാകുളം MEMU (66328/27): ആഴ്ചയിൽ 5 ദിവസം (ശനി, ഞായർ ഒഴികെ) സ്ഥിര സർവീസ് മാർച്ച് 16 മുതൽ.
പാലക്കാട് - കണ്ണൂർ എക്സ്പ്രസ് (16611): മാർച്ച് 16 മുതൽ പ്രതിദിന സർവീസായി മാറും.
മംഗളൂരു സെൻട്രൽ - പാലക്കാട് എക്സ്പ്രസ് (16610): മാർച്ച് 16 മുതൽ പാലക്കാട് വരെ നീട്ടിയ സ്ഥിര സർവീസ് ആരംഭിക്കുന്നു.
വികസനത്തിന്റെ പാതയിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി നമ്മൾ മുന്നോട്ട്!'












Click it and Unblock the Notifications