ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ റെയില്‍വേയും: പ്രത്യേക ഓക്സിജന്‍ എക്സ്പ്രസ് ഓടിക്കും
ദില്ലി: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പടേയുള്ള ചില സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ പരസ്യമായി പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു.
ഇത്തരം റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കേയാണ് ആശ്വാസമേകുന്ന മറ്റൊരു വാര്‍ത്ത ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും പുറത്ത് വരുന്നത്. ലിക്വിഡ് മെഡിക്കൽ ഓക്സിജനും (എൽഎംഒ) ഓക്സിജൻ സിലിണ്ടറുകളും ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനായി ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് റെയിൽവേ മന്ത്രാലയം അറിയിക്കുന്നത്.

കോവിഡ് ബാധിതരിലെ ചില മെഡിക്കൽ അവസ്ഥകളുടെ ചികിത്സയിൽ ഓക്സിജൻ ഒരു പ്രധാന ഘടകമാണെന്ന് സൂചിപ്പിച്ച റെയിൽവേ മന്ത്രാലയം മധ്യപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകളുടെ അഭ്യർത്ഥനപ്രകാരം ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കുന്നതിന്‍റെ സാങ്കേതിക സാധ്യതകൾ പരിശോധിച്ചതായായാണ് ഞായറാഴ്ച വ്യക്തമാക്കിയത്. ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത്തിലുള്ള ഗതാഗതം ഉറപ്പാക്കുന്നതിന് ഒരു ഗ്രീന്‍ ഇടനാഴി സൃഷ്ടിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ മുബൈക്ക് സമീപത്തെ സ്റ്റേഷനുകളില്‍ നിന്നും കാലി ടാങ്കറുകള്‍ വഹിച്ചുകൊണ്ടുള്ള നീക്കം സംഘടിപ്പിക്കുമെന്നും റെയില്‍വെ അറിയിച്ചു.
അംഗീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയതില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗം നിര്‍ദേശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാവുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പിഎം കെയറിൽ നിന്ന് 162 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ടെന്നും ഒരു ലക്ഷം സിലിണ്ടറുകൾ ഉടൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും അധികൃതർ ഇതിനോടകം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications