മഴ വില്ലനായി, ഗ്യാനേഷ് കുമാറിന്റെ പബ്ലിക് ഇംപീച്ച്മെന്റ് മാറ്റി വെച്ച് ഇന്ത്യ സഖ്യം
ന്യൂ ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള ഇന്നത്തെ പ്രതിഷേധ പരിപാടി മാറ്റി വെച്ച് ഇന്ത്യ സംഖ്യ. ഗ്യാനേഷ് കുമാറിന്റെ മോക്ക് പബ്ലിക് ഇംപീച്ച്മെന്റ് ആണ് നാളത്തേക്ക് മാറ്റി വെച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് 3.30നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ സഖ്യം പരിപാടി മാറ്റി വെക്കാന്‍ നിര്‍ബന്ധിതരായത്.
സെന്‍ട്രല്‍ ദില്ലിയിലെ രാജാജി മാര്‍ഗിലുളള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിക്ക് മുന്നിലെ പുല്‍ത്തകിടിയില്‍ വെച്ചായിരുന്നു മോക്ക് ഇംപീച്ച്മെന്റ് നടത്താനുളള പദ്ധതി. എന്നാല്‍ മഴ കാരണം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പരിപാടി നടത്താനാണ് എല്ലാവരും ചേര്‍ന്ന് തീരുമാനം എടുത്തിരിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

എസ്ഐആര്‍ പ്രക്രിയയില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ക്മ്മീഷര് ഗ്യാനേഷ് കുമാര്‍ രാജി വെക്കണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ സമരമുഖത്ത് ഇറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ എസ്ഐആറിലെ പല തീരുമാനങ്ങളിലും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും അത് പരിഗണിക്കാതെ ഗ്യാനേഷ് കുമാര്‍ ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്തു എന്നും ആരോപിക്കുന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് രാജി ആവശ്യം ശക്തമായത്.
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നവംബര്‍ ഒന്നാം തിയ്യതി ദില്ലിയില്‍ പ്രതിഷേധ മാര്‍ച്ച് നടക്കുന്നതിന് മുന്നോടിയായാണ് മോക്ക് ഇംപീച്ച്മെന്റ് സംഘടിപ്പിക്കുന്നത്. മുന്‍ ലോക്സഭാ സ്പീക്കര്‍ മീര കുമാര്‍ ആയിരിക്കും മോക്ക് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാന്ഗെ മോക്ക് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉപസംഹാര പ്രസംഗം നടത്തുകയും ചെയ്യും.


Click it and Unblock the Notifications
