എന്നെനോക്കണ്ട; കുഞ്ഞുങ്ങളെ രക്ഷിക്കൂ; മംഗളുരുവില്‍ മണ്ണിടിഞ്ഞ് വീണ് 2 കുട്ടികള്‍ മരിച്ചു:അമ്മ ഗുരുതരാവസ്ഥയില്‍
മംഗളുരുവില്‍ പെയ്ത കനത്ത മഴയില്‍ വീടിനുള്ളിലേക്കു മണ്ണിടിഞ്ഞ് വീണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മുത്തശ്ശിയും മരിച്ചു. ഏറെ നേരം മണ്ണിനടിയില്‍ കുടുങ്ങിയ കുട്ടികളുടെ അമ്മ അതീവ ഗുരുതരാവസ്ഥയില്‍. പ്രദേശത്ത് ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ നാലു പേരാണ് മംഗളുരുവിലെ മഴക്കെടുതിയില്‍ മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മംഗളൂരുവിലെ ഉള്ളാള്‍ പ്രദേശത്താണ് മണ്ണിടിച്ചില്‍ ഒരു വീട് അപ്പാടെ നിലംപൊത്തിയത്. ഒരാഴ്ചയായി ഇവിടെ കനത്ത മഴയാണ് പെയ്യുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം ഉണ്ടായത്. ആറു പേരടങ്ങുന്ന കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിനുള്ളിലേക്ക് മണ്ണിടിഞ്ഞുവീണത്.

മുത്തശ്ശി പ്രേമ പൂജാരി ആര്യന്‍ (മൂന്നു വയസ്), ആരുഷ് (2) എന്നിവരാണ് മരിച്ചത്. ഒരു കുന്നിന്‍ ചെരുവിലാണ് ഇവരുടെ വീട്. കനത്ത മഴയില്‍ മണ്ണിടിഞ്ഞ് ഉറങ്ങിക്കിടന്ന കുടുംബത്തിന് മുകളിലേക്കു വീഴുകയായിരുന്നു. കുട്ടികളടെ അമ്മ അശ്വിനി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ദാരുണമായ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. മണ്ണിടിച്ചില്‍ നിന്ന് അമ്മ അശ്വിനി കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടികളെ പൊതിഞ്ഞ നിലയില്‍ അബോധാവസ്ഥയിലായിരുന്നു അശ്വിനി. ഭര്‍ത്താവ് സീതാറാമിനെയും ഭര്‍തൃ പിതാവ് കാന്തപ്പയെയും പരിക്കുകളോടെ രക്ഷപ്പെടുത്തി.
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോള്‍ പ്രദേശവാസികളാണ് ആദ്യം രക്ഷയ്ക്ക് എത്തിയത്. 'എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കൂ എന്നെ ഓര്‍ത്ത് വിഷമിക്കേണ്ട' എന്ന് അശ്വിനി കരയുന്നത് കേള്‍ക്കാമായിരുന്നു. പിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു. ഏറെ നേരത്തിനു ശേഷമാണ് ദേശീയ ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചത്. അതിനകം കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു
കുഞ്ഞുങ്ങള്‍ മരിച്ചതറിയാതെ അശ്വിനി ഐസിയുവില്‍ ജീവന് വേണ്ടി പോരാടുകയാണ്. സംഭവം പ്രദേശത്തെ ആകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഉള്ളാള്‍ പ്രദേശത്തിനു സമീപം മഴയെ തുടര്‍ന്നുണ്ടായ മറ്റൊരു ദുരന്തത്തില്‍ അഞ്ചു വയസുകാരി മരിച്ചു. വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. ചെളിയും വെള്ളവും കുട്ടി ഉറങ്ങി കിടന്ന കട്ടിലിലേക്ക് വന്നു പതിക്കുകയായിരുന്നു.












Click it and Unblock the Notifications