38.5 കോടിയുടെ അഞ്ച് ഫ്‌ളാറ്റുകള്‍ ശില്‍പയ്ക്ക് കൈമാറി രാജ് കുന്ദ്ര; രജിസ്‌ട്രേഷന്‍ ഫീസ് മാത്രം 1.92 കോടി!
മുംബൈ: നടി ശില്‍പ ഷെട്ടിയ്ക്ക് 38.5 കോടി രൂപ വില മതിക്കുന്ന അഞ്ച് ഫ്‌ളാറ്റുകള്‍ കൈമാറി ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. രേഖകളെ ഉദ്ധരിച്ച് സ്‌ക്വയര്‍ഫീറ്റ് ഇന്ത്യ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രജിസ്‌ട്രേഷന്‍ രേഖകള്‍ അനുസരിച്ച്, വ്യവസായി രാജ് കുന്ദ്ര ശില്‍പയ്ക്ക് 38.5 കോടി രൂപയുടെ സ്വത്ത് കൈമാറിയെന്നാണ് സ്‌ക്വയര്‍ഫീറ്റ് ഇന്ത്യ ഡോട്ട് കോം സ്ഥാപകന്‍ വരുണ്‍ സിംഗ് പറയുന്നത്. ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ ആകെ 5 ഫ്‌ളാറ്റുകളും ബേസ്മെന്റും അടക്കമുള്ള സ്വത്തുക്കളാണ് കൈമാറിയിരിക്കുന്നത്.
ആകെ 5,996 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് കെട്ടിടം. ഇരുവരുടേയും നിലവിലെ വീടിന്റെ വിലാസമായി കാണിച്ചതും ഇപ്പോള്‍ കൈമാറ്റം ചെയ്ത വീടിന്റെ വിലാസവും ഒന്നാണെന്നാണ് വരുണ്‍ സിംഗ് പറയുന്നത്. 2022 ജനുവരി 24 ന് നടന്ന രജിസ്‌ട്രേഷനായി 1.92 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായും രേഖകളുണ്ട്. നീല ചിത്ര കേസില്‍ അറസ്റ്റിലായിരുന്ന രാജ് കുന്ദ്ര ആറ് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. 2021 ജൂലൈയിലാണ് അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്.
പരേഷ് റാവല്‍, രാജ്പാല്‍ യാദവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹംഗാമ 2 ആയിരുന്നു ശില്‍പയുടെതായി അവസാനം പുറത്തിറങ്ങിയ സിനിമ. ഗീതാ കപൂറിനും സംവിധായകന്‍ അനുരാഗ് ബസുവിനുമൊപ്പം സൂപ്പര്‍ ഡാന്‍സര്‍ ജഡ്ജ് റിയാലിറ്റി ഷോയുടെ ജഡ്ജുമാണ് ശില്‍പ. കിരണ്‍ ഖേര്‍, റാപ്പര്‍ ബാദ്ഷാ എന്നിവരോടൊപ്പം സോണി ടിവിയില്‍ ഇന്ത്യാസ് ഗോട്ട് ടാലന്റിന്റെ സഹ വിധികര്‍ത്താവുമാണ് ശില്‍പ.
അഭിമന്യു ദസ്സാനി, ഷേര്‍ലി സെറ്റിയ, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന നിക്കമ്മയാണ് ശില്‍പയുടെ അടുത്ത പ്രൊജക്ട്. 1993 ല്‍ ബാസിഗറില്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications