പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ നീക്കണം; അമിത് ഷാക്ക് കത്തയച്ച് എംഎന്‍എസ്, മെയ് 3ന് കോലംമാറും
മുംബൈ: മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ശക്തമാക്കുന്നു. പള്ളികളിലെ സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന് എംഎന്‍എസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അമിത് ഷാക്ക് സംഘടന കത്തയച്ചു. സുപ്രീംകോടതി വിഷയത്തില്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യമുണ്ട്. മെയ് മൂന്നിനകം മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് എംഎന്‍എസ് നേതാവ് രാജ് താക്കറെയുടെ ഭീഷണി.

മെയ് മൂന്ന് മുതല്‍ എല്ലാ പള്ളികള്‍ക്ക് മുമ്പിലും ഹനുമാന്‍ ചാലിസ തുടങ്ങുമെന്നും രാജ് താക്കറെ പറഞ്ഞു. ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് വലിയ ശല്യമാണ്. ഏതൊരാളും അവരുടെ വിശ്വാസം വീട്ടില്‍ മാത്രം തുടരണം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും രാജ് താക്കറെ പറയുന്നു. വിഷയത്തില്‍ രാജ് താക്കറെയെ പിന്തുണച്ച് ചില ബിജെപി നേതാക്കളും രംഗത്തുവന്നിരുന്നു. ശിവസേന-എംഎന്‍എസ് പോരിനും ഇതിടയാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാജ്താക്കറെ വിവാദമുണ്ടാക്കുന്നതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളുടെ പ്രതികരണം.
ബാങ്ക് വിളിക്കുന്ന സമയം ഹനുമാന്‍ ചാലിസ നടത്തുമെന്നും പള്ളികളില്‍ നിന്ന് ഉച്ചഭാഷണി സര്‍ക്കാര്‍ നീക്കണമെന്നും രാജ് താക്കറെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ച് ബിജെപി നേതാവ് മൊഹിത് കംബോജ് രംഗത്തുവന്നു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ ആവശ്യം ബിജെപി ഉയര്‍ത്തിയിരുന്നു. കര്‍ണാടകയിലെ ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ ബാങ്ക് വിളിക്കെതിരെ രംഗത്തുവന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് വിളി ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ അഭിപ്രായത്തില്‍ ഉച്ചഭാഷിണി നിരോധിക്കണം. ബാങ്ക് വിളി കാരണം വിദ്യാര്‍ഥികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്കെല്ലാം പ്രയാസമുണ്ടെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. അഴിമതി ആരോപണത്തില്‍ കുടുങ്ങിയ ഈശ്വരപ്പ കഴിഞ്ഞ ദിവസം മന്ത്രിപദവി രാജിവച്ചിരുന്നു.
ഉച്ചഭാഷണിയില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന് പ്രശസ്ത ഗായിക അനുരാധ പൗദ്വാള്‍ ആവശ്യപ്പെട്ടത് ഒരാഴ്ച മുമ്പാണ്. ഇന്ത്യയില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിക്കേണ്ട ആവശ്യമില്ലെന്നു അവര്‍ പറഞ്ഞു. ഒട്ടേറെ രാജ്യങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. എവിടെയും ലൗഡ്‌സ്പീക്കറില്‍ ബാങ്ക് വിളിക്കുന്നത് കേട്ടിട്ടില്ല. പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിക്കുമ്പോള്‍, മറ്റു മതസ്ഥര്‍ ഹനുമാന്‍ ചാലിസ ലൗഡ് സ്പീക്കറില്‍ വയ്ക്കാന്‍ തുടങ്ങും. ഇത് തര്‍ക്കത്തിന് കാരണമാകുമെന്നും അനുരാധ പൗദ്വാള്‍ പറഞ്ഞു.












Click it and Unblock the Notifications