ഇതാണ് പിറന്നാൾ സമ്മാനം! പെട്രോൾ വില ലിറ്ററിന് ഒമ്പത് രൂപ കുറച്ചു... പമ്പുകളിൽ വൻ തിരക്ക്...
അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് മഹാരാഷ്ട്രക്കാർക്കുള്ള സമ്മാനമെന്ന് പറഞ്ഞാണ് രാജ് താക്കറെ പെട്രോൾ വിലയിൽ ഡിസ്കൗണ്ട് നൽകുന്നത്.
മുംബൈ: പെട്രോൾ വില റോക്കറ്റ് പോലെ കുതിക്കുമ്പോൾ മഹാരാഷ്ട്രയിലെ ചില പമ്പുകളിൽ പെട്രോൾ വില ലിറ്ററിന് ഒമ്പത് രൂപ വരെ കുറച്ചു. മഹാരാഷ്ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെയാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പെട്രോളിന് വില കുറച്ചുനൽകുന്നത്. പക്ഷേ, ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ കുറഞ്ഞവിലയിൽ പെട്രോൾ ലഭിക്കുകയുള്ളു.
തന്റെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് മഹാരാഷ്ട്രക്കാർക്കുള്ള സമ്മാനമെന്ന് പറഞ്ഞാണ് രാജ് താക്കറെ പെട്രോൾ വിലയിൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പമ്പുകളിലെത്തുന്ന എല്ലാ ഇരുചക്ര വാഹന യാത്രക്കാർക്കും ലിറ്ററിന് ഒമ്പത് രൂപ വരെ ഇളവ് ലഭിക്കും. നിലവിൽ 84.26 രൂപയാണ് മഹാരാഷ്ട്രയിലെ പെട്രോൾ വില. രാജ് താക്കറെയുടെ ജന്മദിനമായ ജൂൺ 14ന് മാത്രമാണ് ഈ ഓഫർ.

വില കുറച്ച് പെട്രോൾ നൽകുന്ന എല്ലാ പമ്പുകളിലും എംഎൻഎസ് പ്രവർത്തകരും നിലയുറപ്പിച്ചിട്ടുണ്ട്. പമ്പുകളിലെ കണക്കുകളും കാര്യങ്ങളും പരിശോധിച്ച് ഓരോ പ്രദേശത്തെയും പാർട്ടി കമ്മിറ്റികളാണ് ഇളവ് നൽകുന്ന തുക പമ്പുടമകൾക്ക് നൽകുന്നത്. എന്തായാലും താക്കറെയുടെ ജന്മദിന സമ്മാനം മഹാരാഷ്ട്രയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. പെട്രോൾ വില പൊള്ളുന്ന സമയത്ത് താക്കറെ നൽകിയ സമ്മാനം കലക്കിയെന്നാണ് യുവാക്കളുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത് മാതൃകയാക്കി പെട്രോൾ വില കുറയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications