'ജയ് ശ്രീറാം അല്ല, ജയ് സിയാറാം..'; ബിജെപി സീതയെ രാമനില്‍ നിന്ന് വേര്‍പെടുത്തിയെന്ന് അശോക് ഗെഹ്‌ലോട്ട്
ജയ്പൂര്‍: ജയ് ശ്രീറാം മുദ്രാവാക്യമുയര്‍ത്തി ബി ജെ പിയും ആര്‍ എസ് എസും വിഭജനത്തിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അതിനാലാണ് ബി ജെ പി നേതാക്കള്‍ ജയ് സിയാ റാം എന്ന മുദ്രാവാക്യം വിളിക്കാത്തത് എന്നും അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു.
ജയ്പൂരില്‍ 167 പുതിയ ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് സര്‍വീസ് ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശോക് ഗെഹ്‌ലോട്ട്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്കിടെ വിളിച്ച 'ജയ് സിയറാം' എന്ന മുദ്രാവാക്യം ചൂണ്ടിക്കാട്ടിയാണ് ബി ജെ പിയേയും ആര്‍ എസ് എസിനെയും വിമര്‍ശിച്ച് അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തിയത്.

അവര്‍ ( ബി ജെ പി - ആര്‍ എസ് എസ് ) സീതയെ ശ്രീരാമനില്‍ നിന്ന് വേര്‍പെടുത്തി. അതുകൊണ്ടാണ് നമ്മള്‍ 'ജയ് സിയ റാം ബോലോ' പറയുന്നത്. 'ജയ് സിയറാം' എന്ന് പറയുമ്പോള്‍ ആളുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബി ജെ പിയുടെ വിഭജന നയങ്ങള്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി എന്നും അശോക് ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു. ജയ് ശ്രീറാം വിളിച്ച് ദേഷ്യവും ഭയവും ഉണര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.

രാഹുല്‍ ഗാന്ധി, ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പിന്തുടരുന്നു. സ്‌നേഹത്തിലൂടെ അദ്ദേഹം ഭയത്തെ കീഴടക്കുന്നു എന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് എന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ബി ജെ പി എങ്ങനെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി. ബി ജെ പിയും ആര്‍ എസ് എസും ഹിന്ദുമതത്തിന്റെ പന്തമേന്തുന്നവരായി സ്വയം അവരോധിക്കുന്നു. എന്നാല്‍ മറ്റ് ആളുകള്‍ക്ക് അത്തരം പേരുകളില്‍ താല്‍പ്പര്യമില്ല എന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയും രാജസ്ഥാന്റെ ചിരഞ്ജീവി സ്‌കീമും തമ്മിലുള്ള വ്യത്യാസങ്ങളും അശോക് ഗെഹ്‌ലോട്ട് ചൂണ്ടിക്കാണിച്ചു.

ആയുഷ്മാന്‍ യോജന സാമൂഹിക-സാമ്പത്തിക സര്‍വേയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം രാജസ്ഥാന്‍ ചിരഞ്ജീവി യോജന വര്‍ഗവും സാമ്പത്തിക നിലയും പരിഗണിക്കാതെ എല്ലാ ആളുകള്‍ക്കും ഉള്ളതാണ്. ചിരഞ്ജീവി സ്‌കീം ഗംഭീരമായി പൂര്‍ത്തിയാക്കിയതില്‍ അശോക് ഗെഹ്‌ലോട്ട് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications