'അക്കാര്യത്തിൽ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു...'; സർക്കാർ മികച്ചതെന്ന് അശോക് ഗെഹ്‌ലോട്ട്
രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, ആഭ്യന്തര മന്ത്രി അമിത് ഷായേയും വെല്ലുവിളിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്ത്. മതത്തിന്റെ പേരിലല്ലാതെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പേരിൽ വോട്ട് തേടാനാണ് അശോക് ഗെഹ്‌ലോട്ട് ഇരുവരെയും വെല്ലുവിളിച്ചത്.
ബിജെപി നേതാക്കൾ മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും, എന്നാൽ കോൺഗ്രസ് അങ്ങനെയല്ലെന്നും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പേരിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കൾ ജനങ്ങളെ പ്രകോപിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് ഗെഹ്‌ലോട്ട് ആരോപിച്ചു.

'അവർ മതത്തിന്റെ പേരിലുള്ള അജണ്ടകൾ നടപ്പാക്കുകയാണ്, അതൊരു നല്ല പ്രവണതയല്ല. മതത്തിന്റെ പേരിൽ വോട്ട് തേടാതെ ഞങ്ങൾ നടപ്പാക്കിയ പദ്ധതികളെയും, മറ്റ് പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിക്കാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു.' പ്രധാനമന്ത്രിയും, അമിത് ഷായും മറ്റ് നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുമെന്നും അവരുടെ ലക്ഷ്യം ആളുകളെ പ്രകോപിക്കുകയാണെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.
രാജസ്ഥാനിലെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളെ കുറിച്ചും മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ രാജസ്ഥാൻ രാജ്യത്ത് രണ്ടാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വർഷമായി സദ്ഭരണമാണ് രാജസ്ഥാനിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അശോക് ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.
പുതുതലമുറ നെഹ്‌റുവിനെ കുറിച്ച് കൂടുതലറിയണമെന്നും അശോക് ഗെഹ്‌ലോട്ട് ഓർമ്മപ്പെടുത്തി. ജവഹർലാൽ നെഹ്‌റുവിന്റെ പ്രതിമയിൽ പുഷ്‌പാർച്ച നടത്തിയാണ് അദ്ദേഹം പ്രചാരണത്തിന് തുടക്കം കുറിച്ചത്. നെഹ്‌റു ദീർഘവീക്ഷണമുള്ള നേതാവാണെന്നും അതിനാൽ തന്നെ അദ്ദേഹത്തെ കുറിച്ച് രാജ്യത്തെ യുവതലമുറ കൂടുതൽ അറിയേണ്ടതുണ്ടെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
അതേസമയം, രാജസ്ഥാനിൽ നവംബർ 23നാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് ആകെ ഇരുന്നൂറ് നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഒറ്റഘട്ടമായി ഇവിടെ വോട്ടെടുപ്പ് നടക്കും. തുടർന്ന് ഡിസംബർ മൂന്നിന് മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മിസോറാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം വോട്ടെണ്ണൽ നടക്കും.












Click it and Unblock the Notifications