കോൺഗ്രസിന് ഭരണത്തുടർച്ചയോ അതോ ബിജെപി ഭരണമോ? രാജസ്ഥാനിൽ ജനവിധി നാളെ..പ്രതീക്ഷയോടെ മുന്നണികൾ
ജയ്പൂർ: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിൽ രാജസ്ഥാൻ നാളെ ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകൂട്ട് 6 വരെയാണ് പോളിംഗ്. ഡിസംബർ 3 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് 200 സീറ്റുകളാണ് ഉള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ ഗുർമീത് സിംഗ് കോണൂർ അന്തരിച്ചതിനെ തുടർന്ന് ശ്രീഗംഗാനഗർ കരൺപൂർ മണ്ഡലത്തിലെ പോളിംഗ് മാറ്റിവെച്ചിരുന്നു.
1990 വരെ കോൺഗ്രസിന്റെ കുതകയായിരുന്നു രാജസ്ഥാൻ. 1993 ലായിരുന്നു രാജസ്ഥാനിൽ ബിജെപി അധികാരം പിടിക്കുന്നത്. പിന്നീട് അങ്ങോട്ട് കോൺഗ്രസിനേയും ബി ജെ പിയേയും മാറി മാറി തിരഞ്ഞെടുക്കുന്നതാണ് രാജസ്ഥാനിലെ പതിവ്. 2018ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു സംസ്ഥാന ഭരണം കോൺഗ്രസ് പിടിക്കുന്നത്. നേരിയ വോട്ട് വിഹിതത്തിലായിരുന്നു വിജയം. കോൺഗ്രസ് 39.8 ശതമാനം വോട്ടുകളും ബി ജെ പി 38.77 ശതമാനം വോട്ടുകളും നേടി.

സംസ്ഥാനത്തിന്റെ ചരിത്രം ആവർത്തിക്കുകയാണെങ്കിൽ ഇത്തവണ ബി ജെ പിക്കാണ് മുൻതൂക്കം. ഭരണം തിരിച്ചുപിടിക്കാൻ കാടിളക്കിയുള്ള പ്രചരണമാണ് പാർട്ടി നടത്തിയത്. ബി ജെ പിയുടെ തുറപ്പുചീട്ടായ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പല ദേശീയ നേതാക്കളും നിരന്തരം സംസ്ഥാനത്തെത്തി പ്രചരണം നയിച്ചു. ഇത്തവണ പക്ഷേ അധികാരം പിടിക്കുകയെന്നത് ബിജെപിയെ സംബന്ധിച്ച് അത്ര എളുപ്പമായേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തൽ.
സംസ്ഥാന ബി ജെ പിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് നേതൃത്വത്തിന് തലവേദന തീർക്കുന്നത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ തമ്മിലുള്ള അധികാര വടംവലി രൂക്ഷമാണ്. ഒറ്റക്കെട്ടെന്ന് പറയുമ്പോഴും ഇരുവരും തമ്മിലുള്ള അസ്വരസ്യങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലടക്കം മുഴച്ചുനിന്നിരുന്നു. കടുത്ത വിമതശല്യവും ഇത്തവണ ബി ജെ പി നേരിടുന്നുണ്ട്. 25 ഓളം പേരാണ് ബി ജെ പി ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയം കണ്ടിട്ടില്ല.
അതേസമയം മറുവശത്ത് കോൺഗ്രസ് ക്യാമ്പ് വളരെ പ്രതീക്ഷയിലാണ്. ഇക്കുറി സംസ്ഥാനത്തെ പതിവ് തിരുത്തുമെന്നും ഭരണത്തുടർച്ച നേടുമെന്നമാണ് പാർട്ടി അവകാശവാദം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും മികച്ച വിജയം തന്നെ സാധ്യമാകുമെന്നും നേതാക്കൾ പറയുന്നു.












Click it and Unblock the Notifications