രാജസ്ഥാനിൽ അധികാരത്തുടർച്ചയോ?; പോളിംഗ് കണക്കിൽ പ്രതീക്ഷ ഉയർന്ന് കോൺഗ്രസ്..ട്രെന്റ് നൽകുന്ന സൂചന
ജയ്പൂർ: 1993 മുതൽ കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. സംസ്ഥാനത്തെ പതിവ് രീതി ആവർത്തിച്ചാൽ ഇത്തവണ ബി ജെ പിക്കാണ് അധികാരം ലഭിച്ചേക്കുക. എന്നാൽ തങ്ങൾക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം. അതിനിടെ സംസ്ഥാനത്തെ പോളിംഗ് ശതമാനം നൽകുന്ന സൂചനയെന്താണെന്ന് പരിശോധിക്കാം.
1998-ലെ തിരഞ്ഞെടുപ്പ് മുതൽ 2018-വരെയുള്ള പോളിംഗ് ട്രെന്റ് പരിശോധിച്ചാൽ വോട്ടിംഗ് ശതമാനം ഇടിഞ്ഞപ്പോഴെല്ലാം നേട്ടമുണ്ടാക്കിയത് കോൺഗ്രസ് ആണ്. വോട്ടിംഗ് ശതമാനം ഉയരുന്നത് ബി ജെ പിക്ക് അനുകൂലവും. 1998ൽ വോട്ടിംഗ് ശതമാനം 63.39 ആയിരുന്നു. അന്ന് 45 ശതമാനം വോട്ട് വിഹിതവുമായി കോൺഗ്രസ് 153 സീറ്റുകൾ നേടിയപ്പോൾ ബി ജെ പിക്ക് 33.2 ശതമാനം വോട്ട് വിഹിതവും 33 സീറ്റുകളും ലഭിച്ചു.

അഞ്ച് വർഷത്തിന് ശേഷം 2003ൽ 67.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി, അതായത് 3.79 ശതമാനം വർധന. അന്ന് ബി ജെ പിയ്ക്കാണ് അധികാരം ലഭിച്ചത്. ബി ജെ പി 120 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 56 ലേക്ക് ഒതുങ്ങി. 2008 ൽ 66.5 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. കോൺഗ്രസിന് 96 സീറ്റും 36.8 ശതമാനം വോട്ടും നേടാനായി. ബി ജെ പിയ്ക്ക് ലഭിച്ചത് 78 സീറ്റുകളും.
2013ൽ 75.76 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം.ആ തിരഞ്ഞെടുപ്പിൽ ബി ജെ പി കൂറ്റൻ വിജയം നേടി. 163 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. കോൺഗ്രസ് വെറും 21 സീറ്റിലേക്ക് ഒതുങ്ങിപ്പോയി. 33.7 ശതമാനം വോട്ട് വിഹിതമായിരുന്നു പാർട്ടിക്ക് ലഭിച്ചത്. 2018 ൽ വോട്ടിംഗ് ശതമാനം 74.72 ആയിരുന്നു, മുൻവർഷത്തെക്കാൾ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോൾ ട്രെൻഡ് ആവർത്തിച്ചു. 39.8 ശതമാനം വോട്ടോടെ കോൺഗ്രസ് 99 സീറ്റ് നേടി വീണ്ടും അധികാരം തിരിച്ചുപിടിച്ചു.
ഈ വർഷം 68.50 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം കുറഞ്ഞു. പോളിംഗ് കണക്കിലെ ട്രെന്റ് ആവർത്തിച്ചാൽ ഒരുപക്ഷേ സംസ്ഥാനത്തെ ചരിത്രം തിരുത്തി കോൺഗ്രസിന് അധികാരത്തുടർച്ച ലഭിച്ചേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications