രാജസ്ഥാനിൽ കേരളം ആവർത്തിക്കുമോ?; ചരിത്രം തിരുത്തുമെന്ന് കോൺഗ്രസ്..വോട്ടെടുപ്പ് 23 ന്
നവംബർ 23 നാണ് രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസും ബി ജെ പിയും മാറി മറി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. 1900 ന് ശേഷം ഒരിക്കൽ പോലും ഒരു പാർട്ടിക്കും സംസ്ഥാനത്ത് തുടർഭരണം ലഭിച്ചിട്ടില്ല. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് ചരിത്രം കുറിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
200 അംഗ നിയമസഭയിൽ 2018 ൽ 100 സീറ്റുകൾ നേടിയായിരുന്നു വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിനെ കോൺഗ്രസ് താഴെയിറക്കിയത്. സംസ്ഥാനത്തെ പതിവ് തെറ്റിച്ച് ഭരണത്തുടർച്ച നേടുമെന്ന ബി ജെ പി അവകാശവാദങ്ങളെ തകർത്തെറിയുകയായിരുന്നു കോൺഗ്രസ്. ബി ജെ പിക്ക് തിരഞ്ഞെടുപ്പിൽ 73 സീറ്റുകളായിരുന്നു ലഭിച്ചത്.

അതേസമയം മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പതിവ് തിരുത്തിക്കുറിക്കുമെന്നും അധികാരത്തുടർച്ച നേടുമെന്നുമാണ് കോൺഗ്രസ് അവകാശവാദം. എന്നാൽ അത് അത്ര എളുമല്ലെന്ന് നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരവും പാർട്ടിക്കുളളിലെ ആഭ്യന്തര തർക്കങ്ങളുമെല്ലാം കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് തീർക്കുന്നത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാരവടംവലിയാണ് കോൺഗ്രസിന് പ്രധാന തലവേദന. 2020 ൽ ഗെഹ്ലോട്ടിനെതിരെ വിമതനീക്കം നടത്തി വിശ്വസ്തരായ 18 എം എൽ എമാരുമായി ഒരു മാസത്തിലധികം ക്യാമ്പ് ചെയ്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സച്ചിന്റെ നടപടിയോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താതെ വിട്ടുവീഴ്ചക്കില്ലെന്നായിരുന്നു സച്ചിന്റെ നിലപാട്. പിന്നീട് ഹൈക്കമാന്റ് നേതൃത്വം ഇടപെട്ടായിരുന്നു സച്ചിനെ മടക്കിയെത്തിച്ചത്. എന്നാൽ ഗെഹ്ലോട്ട് സർക്കാരിനെതിരെ കടുത്ത ഭാഷയിൽ പല അവസരങ്ങളിലും സച്ചിൻ പരസ്യവിമർശനം ഉയർത്തി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.

ഒടുവിൽ ദേശീയ നേതൃത്വം ഇടപെടുകയും പാർട്ടി പ്രവർത്തക സമിതിയിൽ സച്ചിനെ ഉൾപ്പെടുത്തി അദ്ദേഹത്തെ അനുനയിപ്പിക്കുകയുമായിരുന്നു. ഇനി ഒന്നിച്ച് പോകുമെന്ന് സച്ചിനും ഗെഹ്ലോട്ടും ആവർത്തിച്ച് പറയുമ്പോഴും ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചാൽ അത് പുതിയ തർക്കങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ബി ജെ പിയിലും ആഭ്യന്തര തർക്കം രൂക്ഷമാണ്. പാർട്ടി അധ്യക്ഷൻ സതീഷ് പൂനിയയും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് ആര് നേതൃത്വം നല്‍കുമെന്ന് ഇതുവരെ ബി ജെ പി പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications