രാജസ്ഥാനില്‍ രണ്ടിടത്ത് ലീഡ് പിടിച്ച് സിപിഎം: മൂന്നാമത്തെ സീറ്റില്‍ ശക്തമായ മത്സരം
നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. രണ്ട് സംസ്ഥാനത്തും കേവല ഭൂരിപക്ഷത്തിന് മുകളില്‍ (രാജസ്ഥാന്‍ -108, മധ്യപ്രദേശ് 154) സീറ്റുകള്‍ ബി ജെ പിക്ക് ലഭിച്ച് കഴിഞ്ഞു. ഛത്തീസ്ഗഡില്‍ നിലവില്‍ ബി ജെ പിക്കാണ് മുന്‍തൂക്കമെങ്കിലും ലീഡ് നില നിമിഷ നേരങ്ങളില്‍ മാറിമറിയുന്നുണ്ട്.
തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും അധികാരത്തിലെത്തിയ ബി ആർ എസിനെ പിന്തള്ളി ആകെയുള്ള 119 സീറ്റുകളില്‍ 66 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് പിടിച്ചിരിക്കുന്നത്. ബി ആർ എസ് 45 സീറ്റുമായി രണ്ടാമത് നില്‍ക്കുമ്പോള്‍ എ ഐ എം ഐ എം അഞ്ച് സീറ്റിലും ബി ജെ പി രണ്ട് സീറ്റിലും മുന്നിലാണ്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമ്പോഴും സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഭദ്രയിൽ നിന്ന് നിലവിലെ എംഎൽഎ ബൽവാൻ പുനിയ, ദുൻഗർഗഡിൽ ഗിർധാരിലാൽ മഹിയ എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയായ അമ്രാ റാം സിക്കാർ ജില്ലയിലെ ദന്തറാംഗഡ് നിയമസഭാ മണ്ഡലത്തിൽ ഇടക്ക് ലീഡ് പിടിച്ചെങ്കിലും പിന്നീട് പുറകില്‍ പോയി. കോണ്‍ഗ്രസാണ് ഇവിടെ മുന്നില്‍. നേരത്തെ ഈ നിയമസഭാ മണ്ഡലത്തിൽ നിന്ന് എം എൽ എയായിരുന്ന വ്യക്തിയാണ് അമ്രാ റാം.
ഇത്തവണ 17 സീറ്റുകളിലാണ് പാർട്ടി സ്ഥാനാർത്ഥികളെ മത്സരിപ്പിരിച്ചിരിക്കുന്നത്. സികാർ ഉള്‍പ്പെടേയുള്ള ജില്ലകളിലെ കർഷകർക്കിടയില്‍ സി പി എമ്മിന് വലിയ സ്വാധീനമുണ്ട്. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസുമായിട്ടാണ് സി പി എമ്മിന്റെ മത്സരവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28 സ്ഥാനാർത്ഥികളെയാണ് സിപിഎം മത്സരിപ്പിച്ചിരുന്നത്. ഇവരിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനും സാധിച്ചിരുന്നു.
അതേസമയം, തെലങ്കാനയിലും ഛത്തീസ്ഗഡിലും ഒരോ സീറ്റില്‍ സി പി ഐ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഛത്തീസ്ഗഡി ഗോണ്ട മണ്ഡലത്തിലാണ് സി പി ഐ സ്ഥാനാർത്ഥി കുഞ്ജം ലീഡ് പിടിച്ചിരിക്കുന്നത്. തെലങ്കാനയില്‍ കോട്ടഗുഡെം മണ്ഡലത്തിലാണ് സി പി ഐ ലീഡ് പിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പാർട്ടി മത്സരിക്കുന്ന ഏക മണ്ഡലവും ഇത് തന്നെ. കോണ്‍ഗ്രസുമായി സഖ്യം ചേർന്നാണ് തെലങ്കാനയില്‍ സി പി ഐയുടെ മത്സരം.












Click it and Unblock the Notifications