ബിജെപിയുടെ വാതിലുകൾ സച്ചിൻ പൈലറ്റിനായി തുറന്നുകിടക്കുന്നു: പരസ്യമായി ക്ഷണിച്ച് ബിജെപി നേതാവ്
ജയ്പൂർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന് പോലീസ് നോട്ടീസ് അയച്ചതോടെയാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് തുടക്കമാകുന്നത്. സർക്കാരിനെ താഴെ വീഴ്ത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ മൊഴി രേഖപ്പെടുത്തുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാജസ്ഥാൻ പോലീസ് സച്ചിൻ പൈലറ്റിന് നോട്ടീസ് അയയ്ക്കുന്നത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരികയായിരുന്നു.
പൈലറ്റിന്റെ തന്ത്രം പാളി; വിമതരെ കെട്ട് കെട്ടിക്കാൻ കോൺഗ്രസ്!! ഗവർണറെ കണ്ട് ഗെഹ്ലോട്ട്! കിടിലൻ പണി
രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ നോട്ടമിട്ടിരുന്ന സച്ചിൻ പൈലറ്റിന് കനത്ത ആഘാതമേൽപ്പിച്ചുകൊണ്ടാണ് അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. 2018 ഡിസംബറിൽ മുഖ്യമന്ത്രി പദം നിരസിക്കപ്പെട്ടതോടെ തന്നെ സച്ചിൻ പൈലറ്റ് അസ്വസ്ഥനായിരുന്നു. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടന്നതാണ് സ്ഥിതി കൂടുതൽ വഷാളാക്കിയത്. കോൺഗ്രസ് എംഎൽഎമാരും സ്വതന്ത്രരും ഉൾപ്പെടെ 30 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്നവർ ഉന്നയിക്കുന്ന വാദം.

ആദ്യ ക്ഷണം
രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് രാജസ്ഥാനിലെ നേതാവ് ഓം മാഥുർ. ബിജെപിയിലേക്ക് സച്ചിൻ പൈലറ്റിന് സ്വാഗതമെന്നാണ് ബിജെപി നേതാവ് ഓം മാഥുറിന്റെ പ്രസ്താവന. രാജസ്ഥാൻ സർക്കാരിൽ പ്രതിസന്ധി തുടരുന്നതിനിടെ സച്ചിൻ പൈലറ്റിന് ബിജെപിയിലേക്ക് ആദ്യമായാണ് ക്ഷണം ലഭിക്കുന്നത്. എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെടുന്നത്. അദ്ദേഹം വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങി രാജസ്ഥാൻ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നും ബിജെപി നേതാവ് പറയുന്നു.

സച്ചിൻ പൈലറ്റിന് സ്വാഗതം..
ഞങ്ങളുടെ വാതിലുകൾ സച്ചിൻ പൈലറ്റിനായി തുറന്നുകിടക്കുന്നു. പാർട്ടിയിൽ ചേരാനും പാർട്ടിയുടെ ആശയങ്ങളുമായി ഒത്തുപോകാനും കഴിയുന്ന ആർക്കും പാർട്ടിയിലേക്ക് സ്വാഗതമെന്നും ഓം മാഥുർ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പോരുകൾ രൂക്ഷമായ സാഹചര്യത്തിൽ ബിജെപിയിൽ ചേരില്ലെന്ന് സച്ചിൻ പൈലറ്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടി
സച്ചിൻ പൈലറ്റിന്റെ രാജസ്ഥാൻ മുഖ്യമന്ത്രിയാവാനുള്ള ആഗ്രഹത്തെക്കുറിച്ച് ചോദിച്ചതോടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് പാർട്ടിയാണെന്നും ബിജെപി വ്യക്തമാക്കി. സച്ചിൻ പൈറ്റലും അശോക് ഗെലോട്ടും തമ്മിലുള്ള തർക്കങ്ങൾ കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. സച്ചിൻ പൈലറ്റിനെപ്പോലെ ഒരു നേതാവിനോട് പാർട്ടിയ്ക്ക് ഇത് ചെയ്യാനുള്ള അവകാശമില്ലെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

സച്ചിൻ പൈലറ്റിനെതിരെ നടപടി
രാജസ്ഥാൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള സച്ചിൻ പൈലറ്റിന്റെ നീക്കത്തിന് പിന്നാലെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാൻ കോൺഗ്രസിന്റെ തലപ്പത്ത് നിന്നും നീക്കിയിരുന്നു. കോൺഗ്രസ് വിളിച്ച് ചേർത്ത രണ്ടാമത്തെ കോൺഗ്രസ് നിയമകക്ഷി യോഗത്തിൽ സച്ചിൻ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും വിട്ടുനിന്നതിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ചയായിരുന്നു പാർട്ടി രണ്ടാം യോഗം വിളിച്ചുചേർക്കുന്നത്. ഇതോടെയാണ് സച്ചിൻ പൈലറ്റിനെതിരെ പാർട്ടി നടപടി സ്വീകരിക്കുന്നത്. പാർട്ടിയിലെ ഉന്നത നേതാക്കൾ പലതവണ വിളിച്ചെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ സച്ചിൻ പൈലറ്റ് തയ്യാറായിരുന്നില്ല.

കോൺഗ്രസിനൊപ്പം 106 എംഎൽഎമാർ
സച്ചിൻ പൈലറ്റിന് 16 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ അശോക് ഗെലോട്ടിന്റെ അവകാശ വാദം 122 പേരിൽ 106 എംൽഎമാരുടെ പിന്തുണ പാർട്ടിയ്ക്കുണ്ടെന്നാണ്. പാർട്ടി നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി നിയമ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളിൽ പലരും സച്ചിൻ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേൾക്കാൻ സച്ചിൻ പൈലറ്റ് തയ്യാറായിരുന്നില്ല. ഇതോടെയാണ് നേതാവിനെതിരെ പാർട്ടിയും നടപടികളിലേക്ക് കടന്നത്. താൻ ബിജെപിയിൽ ചേരില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിക്കഴിഞ്ഞ സ്ഥിതിയ്ക്ക് സച്ചിൻ പൈലറ്റിന്റെ നിലപാട് സംബന്ധിച്ച് അവ്യക്തകൾ തുടരുന്നുണ്ട്.

അംഗബലം കോൺഗ്രസിന് ...
200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 107 എംഎൽഎമാരും ബിജെപിക്ക് 72 എംഎൽഎമാരുമാണുള്ളത്. കോൺഗ്രസിന് 13 സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ കൂടി സംസ്ഥാനത്തുണ്ട്. സിപിഎമ്മിൽ നിന്നും ഭാരതീയ ട്രൈബൽ പാർട്ടിയിൽ നിന്നും ആർഎൽഡിയിൽ നിന്നുമുള്ള ഓരോ എംഎൽഎമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ആരോപണം തള്ളി ബിജെപി
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉന്നയിക്കുന്ന ആരോപണം ബിജെപി കോൺഗ്രസ് എംഎൽഎമാരെ തങ്ങൾക്കൊപ്പം നിർത്താൻ ശ്രമിക്കുകയാണെന്നാണ്. എന്നാൽ ഗെലോട്ടിന്റെ വാദം തള്ളി ബിജെപി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ സംഭവ വികാസങ്ങൾ ഭരണകക്ഷിക്കുള്ളിലെ അധികാരത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതിഫലനമാണെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് സമാനമായി ബിജെപിയുടെ പങ്ക് ആരോപിക്കാണ് കോൺഗ്രസ് രംഗത്തെത്തിയിട്ടുള്ളത്.