സച്ചിൻ പൈലറ്റിനേയും വിമതരേയും പൂട്ടും;രാജസ്ഥാനിൽ പ്ലാൻ ബിയുമായി കോൺഗ്രസ്!കോടതി തുണച്ചാലും രക്ഷയില്ല
ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. കലാപക്കൊടി ഉയർത്തി രാജസ്ഥാൻ വിട്ട സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും ഹരിയാനയിൽ ഏതേ അജ്ഞാത കേന്ദ്രത്തിൽ കഴിയുകയാണ്. സച്ചിനെ മടക്കിയെത്തിക്കാൻ ഹൈക്കമാന്റ് ചർച്ചകൾ സജീവമാക്കിയിട്ടുണ്ടെങ്കിലും പരസ്യപ്രതികരണം നടത്താൻ ഇതുവരെ അദ്ദേഹം തയ്യാറായിട്ടില്ല.
അതേസമയം അയോഗ്യരാക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ വിമതർ നൽകിയ ഹർജി ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. കോടതി വിധി വിമതർക്ക് അനുകൂലമാകുകയാണെങ്കിൽ കോൺഗ്രസ് തങ്ങളുടെ പ്ലാൻ ബി പയറ്റും.. വിശദാംശങ്ങളിലേക്ക്

രാഷ്ട്രീയ പ്രതിസന്ധി
രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിന് പുറത്താക്കൽ നടപടിയിലൂടെയാണ് കോൺഗ്രസ് മറുപടി നൽകിയത്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അധ്യക്ഷ സ്ഥാനത്ത് നിന്നും പൈലറ്റിനെ പുറത്താക്കി. ഒപ്പം മറ്റ് രണ്ട് മന്ത്രിമാർക്കെതിരേയും നടപടി സ്വീകരിച്ചു.. എന്നാൽ തുടർന്നും പാർട്ടിയുടെ അനുനയ നീക്കങ്ങളോട് സഹകരിക്കാൻ വിമതർ തയ്യാറായില്ല.

കോടതികയറി എംഎൽഎമാർ
ഇതോടെ സച്ചിന് ഒപ്പമുള്ള മുഴുവൻ എംഎൽഎമാരായും അയോഗ്യരാക്കാനായിരുന്നു കോൺഗ്രസ് തിരുമാനാം. നിയമസഭ കക്ഷിയോഗം ബഹിഷ്കരിച്ചതിനും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും കാരണം കാണിക്കാൻ ആവശ്യപ്പെട്ട് സ്പീക്കർ എംഎൽഎമാർക്ക് നോട്ടീസ് അയച്ചു. എന്നാൽ വിമതർ പാർട്ടി നീക്കത്തിനെതിരെ കോടതി കയറി.

കോടതി വിധി
വെള്ളിയാഴ്ച വിമതരുടെ ഹരജി പരിഗണിച്ച കോടതി ജുലൈ 21 വരെ വിമതർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഇനി വീണ്ടും കോടതി ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് എന്ത് തന്നെയായാലും അത് സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ പ്രതിസന്ധിയിൽ വലിയ വഴിത്തിരിവാകും.

വിശ്വാസ വോട്ടെടുപ്പ്
കോടതി വിധി വിമതർക്ക് അനുകൂലമാകുകയാണെങ്കിൽ മറ്റൊരു പ്ലാനാണ് കോൺഗ്രസ് സംസ്ഥാനത്ത് നടപ്പാക്കാൻ ഒരുങ്ങുന്നത്. അറ്റകൈയെന്ന നിലയ്ക്ക് നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാനാണ് കോൺഗ്രസ് തിരുമാനമെന്ന് പാർട്ടിയുടെ നിയമവിഭാഗം പറയുന്നു. വിശ്വാസ വോട്ടെടുപ്പായിരിക്കും കോൺഗ്രസിന്റെ അടുത്ത നീക്കം.

ഗവർണറുമായി കൂടിക്കാഴ്ച
ഇന്നലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് ഗവർണറുമായി ചർച്ച നടത്തിയതെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. എന്നാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക ഗെഹ്ലോട്ട് ഗവർണർക്ക് കൈമാറിയതായാണ് വിവരം.

103 പേരുടെ പിന്തുണ
നിലവിൽ 200 അംഗ നിയമസഭയിൽ 101 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തങ്ങൾക്ക് 103 പേരുടെ പിന്തുണ ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. 88 കോൺഗ്രസ് എംഎൽഎമാരും ഭാരതീയ ട്രൈബൽ പാർട്ടിയിൽ നിന്നും സിപിഎമ്മിൽ നിന്നുമുള്ള രണ്ട് എംഎൽഎമാരുടേയും ഒരു ആർഎല്‌ഡി അംഗത്തിന്റേയും പത്ത് സ്വതന്ത്രരുടേയും പിന്തുണ ഉണ്ടെന്ന് ഗെഹ്ലോട്ട് ഗവർണറെ അറിയിച്ചിട്ടുണ്ട്.

കോടതിയിൽ ചോദ്യം ചെയ്യാം
ഹൈക്കോടതി ഉത്തരവ് സർക്കാരിന് അനുകൂലമാകുകയാണെങ്കിൽ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കും.വിശ്വാസ വോട്ടെടുപ്പിൽ പാർട്ടിക്ക് അനുകൂലമായി വോട്ട് നൽകണമെന്ന വ്യക്തമാക്കി മുഴുവൻ എംഎൽഎമാർക്ക് കോൺഗ്രസ് വിപ്പ് നൽകും. വിപ്പ് ലംഘിച്ചാൽ എംഎൽഎമാരെ കോൺഗ്രസ് അയോഗ്യരാക്കും.

സസൂക്ഷ്മം നിരീക്ഷിക്കുന്നു
അതേസമയം ഇതിനേയും വിമതർക്ക് കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കും.
അതിനിടെ വിശ്വാസ വോട്ടെടുപ്പ് എന്ന നീക്കത്തിന് കോൺഗ്രസ് ഒരുങ്ങുന്നതിന് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. വിമതരുടെ നീക്കങ്ങൾ കോൺഗ്രസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

ബന്ധപ്പെട്ടിട്ടുണ്ടെന്ന്
വിമത ക്യാമ്പിലെ ചില എംഎൽഎമാരുമായി കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 30 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് പൈലറ്റ് പക്ഷം ഇപ്പോഴും അവകാശപ്പെടുന്നത്. ഇത് സർക്കാരിനെ താഴെയിറക്കാൻ മതിയായ നമ്പറാണ്. എന്നാൽ ഇത് വിമത പക്ഷത്തിന്റെ അവകാശവാദം മാത്രമാണെന്ന് ഗെഹ്ലോട്ട് ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു.

ആത്മവിശ്വാസത്തിൽ
വിശ്വാസ വോട്ടെടുപ്പ് നടന്നാൽ പൈലറ്റ് ക്യാമ്പ് പിളരുമെന്നും കോൺഗ്രസ് കണക്കാക്കുന്നുണഅട്. എംഎൽഎമാരെ അയോഗ്യരാക്കുകയാണെങ്കിൽ നിയമസഭയുടെ അംഗബലം കുത്തനെ കുറയും. വിശ്വാസം തെളിയിക്കാൻ കോൺഗ്രസിന് എളുപ്പം സാധിക്കും. അതേസമയം അയോഗ്യരാക്കിയില്ലേങ്കിലും സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയില്ലെന്നാണ് കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.












Click it and Unblock the Notifications