രാജസ്ഥാനെ വിറപ്പിച്ച് പൊടിക്കാറ്റ്; നഗരങ്ങളെ വിഴുങ്ങി, ആശങ്ക, പിന്നാലെ മഴ എത്തി
രാജസ്ഥാനിൽ ശക്തമായ പൊടിക്കാറ്റ് ആഞ്ഞുവീശി. ചിലയിടങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചു. പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനമാണ് ഈ പൊടിക്കാറ്റിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ചുരു, ഹനുമാൻഗഢ്, ശ്രീഗംഗാനഗർ, ബിക്കാനീർ, നാഗൗർ, ദിദ്വാന-കുചാമൻ, അൽവാർ, സിക്കർ തുടങ്ങിയ ജില്ലകളെ ഇത് സാരമായി ബാധിച്ചു.
ഈ കാറ്റ് സംസ്ഥാനത്തെ പല നഗരങ്ങളെയും ഇരുട്ടിലാക്കി. മണൽ മേഘങ്ങൾ കാഴ്ചാശേഷി പൂർണ്ണമായും ഇല്ലാതാക്കി, പകൽ രാത്രിക്ക് സമാനമായി. തലസ്ഥാനമായ ജയ്പൂരിലും ശക്തമായ കാറ്റും തുടർന്ന് ഇടിമിന്നലോടുകൂടിയ മഴയും അനുഭവപ്പെട്ടു. പലയിടത്തും സാധാരണ ജീവിതം താറുമാറായെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ചുരുവിലെ ഒരു താമസക്കാരൻ പൊടിക്കാറ്റിനെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയാണ്: "ഇങ്ങനെയൊരു ശക്തമായ കൊടുങ്കാറ്റ് ഞങ്ങൾ ആദ്യമായിട്ടാണ് അനുഭവിക്കുന്നത്. ഇത്ര വലിയൊരു പൊടിക്കാറ്റ് നഗരത്തെ വിഴുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല." ഉച്ചതിരിഞ്ഞ് ഏകദേശം 2 മണിയോടെ ആകാശം ഇരുണ്ടുപോയെന്നും രാത്രിയായപോലെ അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
"വാഹനങ്ങൾ ഹെഡ്‌ലൈറ്റുകൾ ഓൺ ചെയ്താണ് നീങ്ങിയത്. സാധാരണ ജീവിതം താറുമാറായി, പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്," അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തു. ജയ്പൂരിൽ ഏകദേശം 10 മിനിറ്റോളം നീണ്ടുനിന്ന പൊടിക്കാറ്റിന് പിന്നാലെ കനത്ത മഴയുമെത്തി.
സംസ്ഥാനം അനുഭവിച്ച കടുത്ത ഉഷ്ണതരംഗത്തിൽ നിന്ന് പൊടിക്കാറ്റിന് പിന്നാലെയുണ്ടായ മഴയും ഇടിമിന്നലും വലിയ ആശ്വാസം നൽകി. രാജസ്ഥാനിലെ പല ഭാഗങ്ങളിലും മഴ ലഭിച്ചു. ദോൽപൂർ ജില്ലയിലെ ബാരിയിൽ 58 മില്ലിമീറ്ററാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ചുരുവിൽ 14.8 മില്ലിമീറ്ററും പിലാനിയിൽ 10.4 മില്ലിമീറ്ററും ഹനുമാൻഗഢിലെ സംഗരിയയിൽ 3.5 മില്ലിമീറ്ററുമാണ് മഴ ലഭിച്ചത്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നത് അടുത്ത ദിവസങ്ങളിലും രാജസ്ഥാനിൽ ഇടിമിന്നലോടുകൂടിയ പൊടിക്കാറ്റും മഴയും തുടരുമെന്നാണ്. ബിക്കാനീർ, ജയ്പൂർ, അജ്മീർ, ഭരത്പൂർ, കോട്ട, ജോധ്പൂർ, ഉദയ്‌പൂർ ഡിവിഷനുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിൽ കാറ്റിനും നേരിയതോ മിതമായതോ ആയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് ഈ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലെയും താപനില 44 ഡിഗ്രി സെൽഷ്യസിനു താഴെ നിലനിർത്തി ഉഷ്ണതരംഗത്തിൽ നിന്ന് ഇത് ആശ്വാസം നൽകും. ഡൽഹിയിൽ കനത്ത കൊടുങ്കാറ്റിനും ഇടിമിന്നലിനും റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചതും സമാനമായ കാലാവസ്ഥാ വെല്ലുവിളിയുടെ സൂചനയാണ്.















Click it and Unblock the Notifications