ഹൈക്കമാന്റിന് കടുത്ത അതൃപ്തി; രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് തെറിച്ചേക്കും, സച്ചിൻ വരുമോ?
രാജസ്ഥാൻ: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിലെ കനത്ത തോൽവിക്ക് പിന്നാലെ നേതൃത്വത്തിൽ അഴിച്ച് പണി നടത്താൻ കോൺഗ്രസ്. തൽവിയുടെ പശ്ചാത്തലത്തിൽ അശോക് ഗെഹ്ലോട്ടിന് പകരം പുതിയ നേതാവ് വരണമെന്നതാണ് എഐസിസിയുടെ നിലപാട്. അശോക് ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കമാണ് പരാജയത്തിന് കാരണമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ . ഈ സാഹചര്യത്തിലാണ് പുതിയ നേതാവിനെ പരിഗണിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ തർക്കങ്ങൾ അവസാനിപ്പിച്ച് പാർട്ടിയെ മുന്നോട്ട് നയിക്കാൻ ശക്തരായ നേതൃത്വം വരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. പാർട്ടി സംസ്ഥാന അധ്യക്ഷനായി ഗോവിന്ദ് സിംഗ് ദോത്സാരയെ തന്നെയാകും നിലനിർത്തുക. പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കൂടാതെ പ്രതിപക്ഷ ഉപനേതാവിനേയും കണ്ടെത്തേണ്ടതുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഞ്ച് പേരുകളാണ് നേതൃത്വം പ്രധാനമായും പരിഗണിക്കുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ്, പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്സാര, മുതിർന്ന നേതാവും ഗോത്രവർഗ മുഖവുമായ മഹേന്ദ്രജിത്ത് സിംഗ് മാളവ്യ, മുതിർന്ന ബി ജെപി നേതാവ് രാജേന്ദ്ര റാത്തോഡിനെ പരാജയപ്പെടുത്തിയ പാർട്ടിയുടെ മുതിർന്ന നേതാവ് നരേന്ദ്ര ബുദാനിയ, പഞ്ചാബ് ഇൻചാർജ് ഹരീഷ് ചൗധരി എന്നിവരെയാണ് പരിഗണിക്കുന്നത്.
മുതിർന്ന ജാട്ട് നേതാവ് ഹരേന്ദ്ര മിർധയുടെ പേരും ചർച്ചയിലുണ്ട്. ജാട്ട് നേതാവിനെയാണ് പരിഗണിക്കുന്നതെങ്കിൽ പ്രതിപക്ഷ നേതാവായി ഹരേന്ദ്രയ്ക്ക് തന്നെ നറുക്ക് വീഴും. അതേസമയം മറ്റൊരു വിഭാഗത്തിലുള്ള നേതാവിനെയായിരിക്കും ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കുക.
വലിയ ട്വിസ്റ്റ് സമ്മാനിച്ച് സച്ചിൻ പൈലറ്റിന് പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് നറുക്ക് വീഴുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും സച്ചിനോട് താത്പര്യമുണ്ട്. ഇത്തവണത്തെ സംസ്ഥാനത്തെ കനത്ത തിരിച്ചടിക്ക് ഗെഹ്ലോട്ടിന്റെ പല നീക്കങ്ങളും കാരണമായിട്ടുണ്ടെന്നാണ് രാഹുലിന്റെ നിലപാട്. പരാജയത്തിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ രാഹുൽ ഗെഹ്ലോട്ടിനെ രൂക്ഷമായി വിമർശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഗെഹ്ലോട്ടിന്റെ ഏകപക്ഷീയ പ്രചരണരീതിയിലെ അദ്ദേഹം വിമർശിച്ചെന്നായിരുന്നു വാർത്തകൾ. സച്ചിൻ പൈലറ്റിനെ തീരെ ഉൾക്കൊള്ളാതെയുള്ള പ്രചാരണമായിരുന്നു നടന്നതെന്നും പോസ്റ്ററുകളിലും ബാനറുകളിലും അത് കാണാമായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷ സ്ഥാനത്തേക്ക് സച്ചിനെ രാഹുൽ നിർദ്ദേശിക്കുമോയെന്ന സാധ്യതയാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications