രാജസ്ഥാൻ എക്സിറ്റ് പോൾ; കോൺഗ്രസിന് അധികാരത്തുടർച്ച? പ്രതീക്ഷ ഉയർത്തി സർവ്വെ ഫലം
ജയ്പൂർ: രാജസ്ഥാനിൽ ഇത്തവണ അധികാരത്തുടർച്ച സ്വപ്നം കാണുന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തി സർവ്വെ ഫലം. ഇന്ത്യ-ടിവി-സിഎൻഎക്സ് സർവ്വേയാണ് കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നത്. 94 മുതൽ 104 സീറ്റ് വരെയാണ് കോൺഗ്രസിന് സർവ്വെ പ്രവചിക്കുന്നത്. ബി ജെ പി 80 മുതൽ 90 സീറ്റുകൾ വരെ നേടുമെന്നും സർവ്വെ പറയുന്നു.
2018 ൽ 200 ൽ 100 സീറ്റുകൾ നേടിയായിരുന്നു ബി ജെ പിയെ താഴെയിറക്കി കോൺഗ്രസ് അധികാരം നേടിയത്. 1993 മുതൽ ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് പതിവ് ആവർത്തിക്കുകയാണെങ്കിൽ ഇത്തവണ ബി ജെ പിക്കാണ് മുൻതൂക്കം. എന്നാൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്നും ഭരണത്തുടർച്ച നേടാനാകുമെന്നുമാണ് കോൺഗ്രസ് അവകാശവാദം.

ബി ജെ പിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. സ്ഥാനാർത്ഥി നിർണയത്തിലടക്കം വലിയ പൊട്ടിത്തെറിയായിരുന്നു ബി ജെ പിയിൽ നടന്നത്. കടുത്ത വിമത ഭീഷണിയും ബി ജെ പി നേരിടുന്നുണ്ട്. 25 ഓളം നേതാക്കളാണ് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരം പ്രഖ്യാപിച്ചത്.
അതിനിടെ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തിലെ ട്രെന്റും കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. സാധാരണ ഗതിയിൽ പോളിംഗ് ശതമാനം കുറയുമ്പോൾ കോൺഗ്രസിനാണ് അധികാരം ലഭിക്കാറുള്ളത്. ഈ വർഷം 68.50 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം കുറഞ്ഞു. പോളിംഗ് കണക്കിലെ ട്രെന്റ് ആവർത്തിച്ചാൽ ഒരുപക്ഷേ സംസ്ഥാനത്തെ ചരിത്രം തിരുത്തി കോൺഗ്രസിന് അധികാരത്തുടർച്ച ലഭിച്ചേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം മറ്റ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബി ജെ പിക്ക് അധികാരം ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.
മറ്റ് സർവ്വെ ഫലങ്ങൾ ഇങ്ങനെ- ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ- കോൺഗ്രസ്-86-106, ബി ജെ പി -80-100
റിപബ്ലിക്ക് ടിവി-കോൺഗ്രസ് 65-75, ബി ജെ പി-115-130
ടിവി 9- കോൺഗ്രസ് 90-100, ബി ജെ പി-100-110, മറ്റുള്ളവർ 5-15
ഇന്ത്യ ടിവി സിഎൻ എക്സ്-കോൺഗ്രസ് -94-104, ബി ജെ പി-80-90
ദൈനിക ഭാസ്ക്ർ-കോൺഗ്രസ് 85-95, ബി ജെ പി 98-105, മറ്റുള്ളവർ 10-15
പീപ്പിൾസ് പൾസ്-കോൺഗ്രസ് 73-95, ബി ജെ പി 95-115 , മറ്റുള്ളവർ 5-12.












Click it and Unblock the Notifications