രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!
ദില്ലി: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കണം എന്ന അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ആവശ്യത്തോട് ഒടുവില്‍ അനുകൂലമായി പ്രതികരിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. രണ്ട് തവണ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് ഗെഹ്ലോട്ട് പ്രധാനമന്ത്രിയേയും സമീപിച്ചിരുന്നു. ഒടുവില്‍ സമ്മേളനം വിളിക്കാമെന്ന് അറിയിച്ചിരിക്കുകയാണ് ഗവര്‍ണര്‍. മൂന്ന് കണ്ടീഷനുകളാണ് ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്.

കല്‍രാജ് മിശ്രയ്ക്ക് മേല്‍ സമ്മര്‍ദ്ദം
അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്ക്ക് മേല്‍ ദിവസങ്ങളായി ഗെഹ്ലോട്ട് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ വരെ നടത്തി. എന്നാല്‍ നിയമസഭാ സമ്മേളനം വിളിക്കുന്നതില്‍ ഗവര്‍ണര്‍ തീരുമാനം പറയാതിരിക്കുകയായിരുന്നു.

വിമതരെ പുറത്ത് ചാടിക്കുക
ഗവര്‍ണര്‍ക്ക് മുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും അതിനാലാണ് നിയമസഭാ സമ്മേളനം വിളിക്കുന്നത് വൈകിപ്പിക്കുന്നത് എന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്. നിയമസഭാ സമ്മേളനം വിളിക്കുന്നതിലൂടെ വിട്ട് നില്‍ക്കുന്ന വിമതരെ പുറത്ത് ചാടിക്കുക എന്ന തന്ത്രമാണ് ഗെഹ്ലോട്ട് പയറ്റുന്നത്. എന്നാല്‍ ഗവര്‍ണര്‍ അതിന് മുന്നില്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നു.

മൂന്ന് കണ്ടീഷനുകള്‍
ഒടുവില്‍ നിയമസഭാ സമ്മേളനം വിളിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജ്ഭവന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് മൂന്ന് കണ്ടീഷനുകള്‍ സര്‍ക്കാരിന് മുന്നില്‍ ഗവര്‍ണര്‍ വെച്ചിരിക്കുന്നതായാണ് വിവരം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 21 ദിവസം മുന്‍പ് നോട്ടീസ് നല്‍കി വേണം സഭ വിളിച്ച് ചേര്‍ക്കാന്‍ എന്നതാണ്.

ലൈവായി സംപ്രേഷണം ചെയ്യണം
മാത്രമല്ല സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണ് എങ്കില്‍ നടപടികള്‍ ലൈവായി സംപ്രേഷണം ചെയ്യണം എന്നും ഗവര്‍ണറുടെ നിര്‍ദേശത്തിലുണ്ട്. അത് കൂടാതെ കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കി വേണം സഭ സമ്മേളിക്കാന്‍ എന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്

ഹര്‍ജി പിന്‍വലിച്ചു
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എമാര്‍ക്ക് 21 ദിവസത്തെ സമയം നല്‍കണം എന്ന ആവശ്യം. സുപ്രീം കോടതിയില്‍ കേസുളള പശ്ചാത്തലത്തില്‍ സഭ വിളിച്ച് ചേര്‍ക്കുന്നതിനെ കുറിച്ച് ഗവര്‍ണര്‍ നേരത്തെ സംശയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ സിപി ജോഷി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കുകയുമുണ്ടായി.

21 ദിവസത്തെ നോട്ടീസ്
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍ അക്കാര്യം കൂടി വ്യക്തമാക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ 21 ദിവസത്തെ നോട്ടീസ് നല്‍കി സഭ സമ്മേളിക്കാം എന്നുളള നിബന്ധന കോണ്‍ഗ്രസിന് ഗുണം ചെയ്‌തേക്കില്ല. കാരണം അത് വിമതര്‍ക്ക് എതിര്‍ നീക്കങ്ങള്‍ നടത്താന്‍ ഒരു മാസത്തോളം കൂടുതല്‍ സമയം നല്‍കുന്നതിന് തുല്യമാണ്.

സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്
തന്റെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. വിശ്വാസ വോട്ടെടുപ്പിനെ നേരിടാനുളള ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് കോണ്‍ഗ്രസും വ്യക്തമാക്കുന്നു. എന്നാല്‍ ബിഎസ്പി അടക്കം നടത്തുന്ന നീക്കങ്ങല്‍ ഗെഹ്ലോട്ടിന് വെല്ലുവിളിയാണ്. അടിയന്തരമായി സഭ ചേര്‍ന്നെങ്കില്‍ മാത്രമേ താന്‍ ഉദ്ദേശിക്കുന്നത് നടപ്പിലാക്കാന്‍ ഗെഹ്ലോട്ടിന് സാധിക്കുകയുളളൂ.

ഉടനെ സഭ ചേരണം
കൂടുതല്‍ സമയം വിമതര്‍ക്ക് അനുവദിച്ച് കിട്ടുകയാണെങ്കില്‍ എന്തും സംഭവിക്കാം എന്നതാണ് സ്ഥിതി. ഗെഹ്ലോട്ട് ക്യാംപില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ തയ്യാറാണെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഉടനെ സഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കുക എന്നതാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. അതിന് സാധിച്ചാല്‍ പിന്നെ 6 മാസത്തേക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതില്ല.












Click it and Unblock the Notifications