കലാപത്തിനിടെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് രക്ഷിച്ച് പോലീസുകാരൻ, കയ്യടിച്ച് സോഷ്യൽ മീഡിയ
ജയ്പൂര്‍: സോഷ്യല്‍ മീഡിയയുടെ കയ്യടി നേടി ഒരു പോലീസ് കോണ്‍സ്റ്റബിള്‍. കരൗലിയിലുണ്ടായ സാമുദായിക കലാപത്തിനിലെ സ്വന്തം ജീവന്‍ പണയം വെച്ച് ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചാണ് പോലീസ് കോണ്‍സ്റ്റബിളായ നേത്രേഷ് ശര്‍മ ഹീറോ ആയിരിക്കുന്നത്. 31കാരനായ നേത്രേഷ് ശര്‍മ രാജസ്ഥാന്‍ പോലീസിലെ കോണ്‍സ്റ്റബിളാണ്. കലാപത്തിനിടെ തീവെപ്പില്‍ കുടുങ്ങിയ രണ്ട് സ്ത്രീകളില്‍ നിന്നും കുഞ്ഞിനെ വാങ്ങി നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് പുറത്തേക്ക് ഓടുന്ന നേത്രേഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഹിന്ദു പുതുവത്സരാഘോഷത്തിന്റെ ഭാഗമായുളള മോട്ടോര്‍ സൈക്കിള്‍ റാലിക്ക് പിന്നാലെയാണ് നഗരത്തില്‍ സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. റാലിയുടെ സുരക്ഷാ ചുമതലയിലായിരുന്നു നേത്രേഷ്. താന്‍ റാലിക്ക് മുന്നില്‍ വഴിയൊരുക്കി പട്രോളിംഗ് മോട്ടോര്‍ സൈക്കിളിലായിരുന്നു. പൊടുന്നനെ കല്ലേറ് ആരംഭിച്ചു. താന്‍ പിറകിലേക്ക് ചെന്നപ്പോള്‍ രണ്ട് പേര്‍ റോഡിലിരിക്കുന്നതാണ് കണ്ടത്. അവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. തങ്ങളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടു, താനത് ചെയ്തു, നേത്രേഷ് ശര്‍മ എന്‍ഡിടിവിയോട് പ്രതികരിച്ചു.

കലാപകാരികള്‍ പല കടകള്‍ക്കും തീയിട്ടു. പോലീസുകാര്‍ തീണയ്ക്കുന്നതിന്റെയും ആളുകളെ രക്ഷിക്കുന്നതിന്റെയും തിരക്കിലായിരുന്നു. അപ്പോഴാണ് രണ്ട് കടകള്‍ക്ക് നടുവിലുളള ഒരു വീടിന് തീ പിടിച്ചത് താന്‍ കണ്ടത്. രണ്ട് സ്ത്രീകള്‍ ആ വീടിനകത്ത് കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. അവരില്‍ ഒരാളുടെ കയ്യില്‍ ഒരു കുഞ്ഞുമുണ്ടായിരുന്നു. ആ കാഴ്ച കണ്ടയുടനെ താന്‍ വീടിനകത്തേക്ക് ഓടിക്കയറി. വീടിന്റെ വാതിലിനടക്കം തീപിടിച്ചിരുന്നു.
സഹായിക്കണേ എന്ന് ആ സ്ത്രീകള്‍ കരഞ്ഞ് അപേക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ഷാളില്‍ പൊതിഞ്ഞ കുഞ്ഞിനെ കൈമാറാന്‍ താന്‍ അവരോട് ആവശ്യപ്പെട്ടു. കുഞ്ഞിനെ വാങ്ങിയ ശേഷം അമ്മയോടും ഒപ്പമുളള സ്ത്രീയോടും തനിക്ക് പിറകേ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടാന്‍ പറഞ്ഞു. തീനാളങ്ങള്‍ക്കിടയിലൂടെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നേത്രേഷ് ശര്‍മ പുറത്തേക്ക് ഓടി. പുറത്ത് എത്തിയ ശേഷം കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.
നേത്രേഷ് ശര്‍മയുടെ ഈ ധീരതയെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വാനോളം പുകഴ്ത്തുകയാണ്. രാജസ്ഥാന്‍ പോലീസും തങ്ങളുടെ സഹപ്രവര്‍ത്തകനെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. നേത്രേഷ് ശര്‍മയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായി രാജസ്ഥാന്‍ പോലീസ് ട്വീറ്റ് ചെയ്തു. താന്‍ തന്റെ ഡ്യൂട്ടി ചെയ്യുക മാത്രമായിരുന്നു എന്നാണ് അഭിനന്ദനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും നേത്രേഷ് ശര്‍മ പറയുന്നത്. രക്ഷപ്പെടുത്തിയ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പോലും തനിക്ക് അറിയില്ലെന്നും ശര്‍മ പറയുന്നു.












Click it and Unblock the Notifications