റിഷഭ് പന്തിനെ രക്ഷിച്ച് ദേശീയ ശ്രദ്ധ നേടിയ യുവാവ് കാമുകിക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാമുകി മരിച്ചു
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ രക്ഷിച്ച് 2022 ല്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയ യുവാവാണ് രജത് കുമാര്‍. അന്ന് ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ രജത് കുമാറിനെക്കുറിച്ചുള്ള ദുഃഖകരമായ വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. കാമുകിക്കൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രജത് കുമാറിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമുകി മനു കശ്യപിനെ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുള്ള ബുച്ചാ ബസ്തി എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. 25 വയസുകാരനായ രജത് കുമാറും 21 കാരിയായ മനുവും ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ പ്രണയ ബന്ധത്തെ എതിര്‍ത്തു. വ്യത്യസ്ത ജാതിയില്‍ പെട്ട രജത്തിനും മനുവിനും വീട്ടുകാര്‍ മറ്റ് വിവാഹാലോചനകള്‍ അന്വേഷിച്ചു വരികയായിരുന്നു. ഇതോടെയാണ് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി ഒമ്പതിനാണ് രജത്തിനെയും മനു കശ്യപിനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനു കഴിഞ്ഞ ദിവസം മരണപ്പെട്ടു. അതേസമയം, രജത് കുമാര്‍ മകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം വിഷം നല്‍കിയതാണെന്നാരോപിച്ച് മനു കശ്യപിന്റെ മാതാവ് രംഗത്തെത്തി.

2022 ലുണ്ടായ വാഹനാപകടത്തില്‍ നിന്നാണ് റിഷഭ് പന്തിനെ രജത് കുമാര്‍ രക്ഷിച്ചത്. ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന റിഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. പൂര്‍ണമായും കത്തിയ കാറില്‍ നിന്ന് റിഷഭ് പന്തിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് രജത് കുമാറും നിഷു കുമാര്‍ എന്ന മറ്റൊരു യുവാവും ചേര്‍ന്നായിരുന്നു.
അന്ന് തന്റെ ജീവന്‍ രക്ഷിച്ച യുവാക്കളെ റിഷഭ് പന്ത് ആശുപത്രിയിലേക്ക് വിളിപ്പിച്ച് നന്ദി അറിയിക്കുകയും ചെയ്തു. രാജ്യത്തിന്റെ മുഴുവന്‍ അഭിനന്ദനവും രജത് കുമാര്‍ ഏറ്റുവാങ്ങിയിരുന്നു. ആ യുവാവിനാണിപ്പോള്‍ ദാരുണമായ സംഭവത്തെ നേരിടേണ്ടി വന്നത്.












Click it and Unblock the Notifications