നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജിവെച്ചു; മെയ് 1 മുതൽ സുമൻ കെ ബെരി സ്ഥാനത്ത്
ഡൽഹി; നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജിവച്ചു. ഏപ്രിൽ 30ന് കാലാവധി അവസാനിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് രാജീവ് രാജി വെച്ചത്. അക്കാദമിക് രംഗത്തേക്ക് മടങ്ങാൻ വേണ്ടിയാണ് രാജി എന്നാണ് ഔദ്യോഗിക വിശദീകരണം. രാജിയെ തുടർന്ന് സുമൻ കെ ബെരിയെ പുതിയ വൈസ് ചെയർമാനായി സർക്കാർ നിയമിച്ചു. ഇദ്ദേഹം മെയ് 1 മുതൽ ചുമതലയേൽക്കുമെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
ഉത്തരവനുസരിച്ച് കുമാറിന്റെ രാജി സർക്കാർ സ്വീകരിച്ചു. ഏപ്രിൽ 30 മുതൽ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് ഒഴിവാക്കും എന്ന് അറിയിച്ചു. 2017 ഓഗസ്റ്റിൽ വിസി അരവിന്ദ് പനഗരിയ സർക്കാർ പുറത്താക്കിയതിനെ തുടർന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ കുമാർ നിതി ആയോഗിന്റെ വൈസ് ചെയർമാനായി അധികാരമേറ്റത്. കൃഷി, അസറ്റ് മോണിറ്റൈസേഷൻ, ഡിസ്ഇൻവെസ്റ്റ്മെന്റ്, ആസ്പിറേഷൻ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള നിതി ആയോഗിന്റെ നയരൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു രാജീവ് കുമാർ.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡിഫിലും ലക്‌നൗ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും ഇദ്ദേഹം നേടിയിട്ടുണ്ട്. സെന്റർ ഫോർ പോളിസി റിസർച്ചിലെ സീനിയർ ഫെലോ കൂടിയായിരുന്നു കുമാർ. ന്യൂഡൽഹിയിലെ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ (എൻസിഎഇആർ) ഡയറക്ടർ ജനറലായും (ചീഫ് എക്സിക്യൂട്ടീവ്) ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി, സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയം സംബന്ധിച്ച സാങ്കേതിക ഉപദേശക സമിതി എന്നിവയിലും അദ്ദേഹം അംഗമായിരുന്നു.
പുതിയ വൈസ് ചെയർമാനായി അധികാരം ഏൽക്കുന്ന സുമൻ കെ ബെരി നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ മുൻ ഡയറക്ടർ ജനറലായിരുന്നു. 2001 മുതൽ 2011 വരെ അദ്ദേഹം ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടെക്‌നിക്കൽ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വാഷിംഗ്ടൺ ഡിസിയിൽ ലോകബാങ്കിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ലാറ്റിനമേരിക്കയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മാക്രോ ഇക്കണോമി, ഫിനാൻഷ്യൽ മാർക്കറ്റ്സ്, പബ്ലിക് ഡെറ്റ് മാനേജ്മെന്റ് എന്നിവ ആയിരുന്നു അവിടെ ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖലകൾ.












Click it and Unblock the Notifications