'വീട്ടിനുളളില്‍ ബോംബ് വെച്ചിട്ടുണ്ട്', രജനീകാന്തിനും ധനുഷിനും ഭീഷണി സന്ദേശം, ഉറവിടം തേടി പോലീസ്
ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ രജനീകാന്തിനും ധനുഷിനും ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് ഇരുവര്‍ക്കും ഭീഷണി ലഭിച്ചത്. രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഇമെയിലുകള്‍ സംസ്ഥാന പോലീസ് മേധാവിയുടെ മെയില്‍ ഐഡിയിലേക്കാണ് വന്നത്. സംഭവത്തില്‍ തേനംപേട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രജനീകാന്തിന് നേര്‍ക്കുളള ഭീഷണി സന്ദേശം രാവില എട്ടരയ്ക്കാണ് ലഭിച്ചതെന്ന് തേനംപേട്ട് പോലീസ് പറയുന്നു. തുടര്‍ന്ന് ബോംബ് കണ്ടെത്താനും നിര്‍ജീവമാക്കാനുളള സജ്ജീകരണങ്ങളുമായി തേനംപേട്ട് പോലീസ് സംഘം സുരക്ഷാ പരിശോധനയ്ക്കായി രജനീകാന്തിന്റെ വീട്ടിലെത്തി. എന്നാല്‍ അപരിചിതരായ ആരും തന്നെ വീട്ടിലേക്ക് കടന്നിട്ടില്ലെന്നും വ്യാജ ഭീഷണി ആയിരിക്കാമെന്നും രജനീകാന്തിന്റെ വീട്ടിലെ സുരക്ഷാ ജീവനക്കാര്‍ പോലീസിനെ അറിയിച്ചു.

ബോംബ് സ്‌ക്വാഡിന്റെ സഹായം ആവശ്യം ഇല്ലെന്നാണ് തങ്ങള്‍ അവിടെ ചെന്നപ്പോള്‍ രജനീകാന്തിന്റെ സുരക്ഷാ ജീവനക്കാര്‍ പറഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് ആറരയോടെ രണ്ടാമത്തെ ഭീഷണി സന്ദേശവും രജനീകാന്തിനെതിരെ വന്നു. എന്നാല്‍ ഇക്കുറിയും രജനീകാന്തിന്റെ ടീം സുരക്ഷാ പരിശോധനയോട് സഹകരിച്ചില്ലെന്നും പോലീസ് പറയുന്നു.
ഇതേ ദിവസം തന്നെ ധനുഷിന്റെ വീട്ടില്‍ ബോംബ് വെച്ചതായുളള ഭീഷണിയും ലഭിച്ചു. ധനുഷിന്റെ ടീമും പോലീസിന്റെ സഹായം ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പോലീസ് പറയുന്നു. സമീപ ആഴ്ചകളില്‍ പ്രമുഖരായ നിരവധി പേര്‍ക്ക് ഇത്തരത്തിലുളള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും പോലീസ് പറയുന്നു. ഭീഷണി മെയിലുകളുടെ ഉറവിടം കണ്ടെത്താന്‍ ഉളള അന്വേഷണം സൈബര്‍ ക്രൈം വിംഗ് ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ നടി തൃഷ കൃഷ്ണന്റെ തേയനംപേട്ടിലെ വീട്ടിലും ശേഖറിന്റെ മണ്ടവേലിയിലുളള വീട്ടിലും ബോബ് വെച്ചിട്ടുളളതായുളള ഇമെയിലുകള്‍ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. നടനും ടിവികെ അധ്യക്ഷനുമായ വിജയുടെ നീലങ്കരൈയിലുളള വീട്ടില്‍ ബോംബ് വെച്ചതായുളള ഭീഷണി ഫോണ്‍ നടത്തിയതിന് ഒക്ടോബര്‍ 9ന് 37കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications