അതെല്ലാം നുണയാണ്: തിരക്കഥയില്‍ ഉള്ളതിന് അനുസരിച്ചാണ് രജനീകാന്ത് വീണതെന്ന് വനംവകുപ്പ്
ചെന്നൈ: ഡിസ്കവറി ചാനലിന്‍റെ മാന്‍ വേഴ്സസ് വൈല്‍ഡ് പ്രോഗ്രമിന്‍റെ ഷൂട്ടിങ്ങിനിടെ നടന്‍ രജനീകാന്തിന് പരിക്കേറ്റെന്ന വാര്‍ത്തയോട് പ്രതികരിച്ച് കര്‍ണാടക വനവകുപ്പ്. പ്രോഗ്രാമിന്‍റെ തിരക്കഥയില്‍ ഉണ്ടായതിന് അനുസരിച്ചാണ് അദ്ദേഹം വീണതെന്നും പരിക്കൊന്നും പറ്റിയിട്ടില്ലെന്നുമാണ് കര്‍ണാടക വനം വകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം ബന്ദീപ്പൂര്‍ വനത്തില്‍ വെച്ച് നടന്ന ഷൂട്ടിങ്ങിനെ രജനീ കാന്തിന് പരിക്കേറ്റെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.
'അതെല്ലാം നുണയാണ്, തിരക്കഥയില്‍ അദ്ദേഹം വീഴുന്നൊരു രംഗമുണ്ടായിരുന്നു. കയറില്‍ നിന്ന് താഴേയ്ക്ക് വരുന്ന വഴി അദ്ദേഹം വീണു. എല്ലാവരും ഓടിക്കൂടി. അതൊക്കെ തിരക്കഥയിലുള്ളതാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ രജനീകാന്ത് ചെന്നൈക്ക് മടങ്ങുകയും ചെയ്തു'- ബന്ദിപൂര്‍ റിസര്‍വ്വ് ഡയറക്ടറും ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ബാലചന്ദ്ര പറഞ്ഞു

മുള്ളുകൊണ്ടപ്പോഴുണ്ടായ ചെറിയ പോറലുകള്‍ മാത്രമേയുള്ളുവെന്നും തനിക്ക് മറ്റ് പരിക്കുകള്‍ ഒന്നുമില്ലെന്ന് രജനീകാന്തും വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 28നും ജനുവരി 30നും ആറ് മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് കര്‍ണാടക വനം വകുപ്പ് അനുമതി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം 11 മണിക്ക് ചിത്രീകരണം ആരംഭിക്കുകയും 4 മണിക്ക് അവസാനിക്കുകയും ചെയ്തു.
ബിയർ ഗ്രിൽസ് അവതാരകനായി എത്തുന്ന ഡിസ്കവറി ചാനലിന്‍റെ മാൻ വേഴ്സസ് വൈൽഡ് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം അതിഥിയായി എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് രജനീകാന്ത്. 2019 ഓഗസ്റ്റിലായിരുന്നു നരേന്ദ്ര മോദി മാൻ വേഴ്സസ് വൈൽഡില്‍ അതിഥിയായി എത്തിയത്.












Click it and Unblock the Notifications