നോ കമന്റ്‌സ്; വിജയ് തരംഗത്തിനിടെ അമ്പരപ്പിച്ച് രജനികാന്ത്; സ്റ്റാലിനെ പുകഴ്ത്തിയതിന് പിന്നാലെ
കോയമ്പത്തൂര്‍: തമിഴക വെട്രി കഴകം (ടിവികെ) രൂപീകരിച്ച് രാഷ്ട്രീയ രംഗം കീഴടക്കാന്‍ ശ്രമിക്കുന്ന വിജയുടെ സംസ്ഥാന യാത്ര തമിഴ്‌നാട്ടില്‍ തരംഗമാകുകയാണ്. കഴിഞ്ഞാഴ്ച യാത്ര തുടങ്ങിയ വേളയില്‍ തൃച്ചിയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഏറെ പാടുപെട്ടു. താരത്തെ കാണാന്‍ കൊതിച്ചെത്തിയവരില്‍ പലര്‍ക്കും നിരാശയായിരുന്നു ഫലം. ഇവരോട് പിന്നീട് വിജയ് മാപ്പ് ചോദിക്കുകയും ചെയ്തു.
വരുന്ന ശനിയാഴ്ചയാണ് യാത്രയുടെ അടുത്ത പ്രയാണം. ഓരോ ശനിയാഴ്ചയുമാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 20 വരെ ഇത് തുടരും. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയുടെ നീക്കം. തൃച്ചി, തിരുനല്‍വേലി, മധുര എന്നിവിടങ്ങളിലെ ഏതെങ്കിലും മണ്ഡലത്തിലാകും വിജയ് മല്‍സരിക്കുക എന്നും കേള്‍ക്കുന്നു.

വിജയ് എത്തുന്ന പരിപാടികളിലെല്ലാം വലിയ ജനക്കൂട്ടമാണ്. സിനിമാ നടനായത് കൊണ്ട് മാത്രമാണ് ആള്‍ക്കൂട്ടം വരുന്നതെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പൊതുപരിപാടികള്‍ ഡിഎംകെ സംഘടിപ്പിക്കാറില്ല എന്നുമാണ് ഡിഎംകെ നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. വിജയ് യാത്ര തുടങ്ങിയ വേളയില്‍ തന്നെ സ്റ്റാലിനും ഒരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു.
രജനികാന്തിന്റെ പ്രതികരണം
വിജയുടെ യാത്രയെ കുറിച്ച് നടന്‍ രജനികാന്തിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. കോയമ്പത്തൂരില്‍ ജയിലര്‍ 2 സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വേളയിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. നോ കമന്റ്‌സ് എന്നായിരുന്നു രജനിയുടെ മറുപടി. നടന്മാരുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടം വോട്ടായി മാറുമോ എന്നായിരുന്നു വിജയിയെ സൂചിപ്പിച്ചുള്ള ചോദ്യം.
അതേസമയം, ജയിലര്‍ സിനിമയുടെ ഷൂട്ടിങ് സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. പാലക്കാട് ആയിരിക്കും ഷൂട്ടിങ് എന്നും അടുത്ത ജൂലൈ ആകുമ്പോഴേക്കും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. മലയാളം, കന്നഡ, തെലുഗ് സിനിമകളില്‍ നിന്നുള്ള പ്രധാന താരങ്ങളും ജയിലര്‍ 2വിലും ഉണ്ടാകും. വിജയ് യാത്ര തുടങ്ങിയ ദിവസം രജനികാന്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു.
സ്റ്റാലിന്‍ രാഷ്ട്രീയ താരം
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് മാത്രമല്ല, പഴയതും പുതിയതുമായ എല്ലാ എതിരാളികള്‍ക്കും സ്റ്റാലിന്‍ വെല്ലുവിളിയാണ് എന്നായിരുന്നു രജനി പറഞ്ഞത്. ദേശീയ രാഷ്ട്രീയത്തില്‍ താരമായി മാറിയിരിക്കുകയാണ് സ്റ്റാലിന്‍. 2026ലെ തിരഞ്ഞെടുപ്പിനായി അദ്ദേഹം തയ്യാറായി എന്നാണ് തോന്നുന്നത് എന്നും രജനി പറഞ്ഞു. കമല്‍ഹാസനും ഉദയനിധി സ്റ്റാലിനും ഇളയരാജയുമെല്ലാമുള്ള വേദിയില്‍ ആയിരുന്നു രജനിയുടെ വാക്കുകള്‍.
രാഷ്ട്രീയത്തില്‍ സജീവമാകാന്‍ രജനികാന്ത് ഒരുവേള ശ്രമിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹം പിന്മാറി. അരോഗ്യകാരണങ്ങളും പ്രായവുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ ബിജെപി പലതവണ ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടില്ല. ബിജെപിയുടെ സമ്മര്‍ദ്ദം കാരണമാണ് രജനികാന്ത് പിന്മാറിയത് എന്നും പ്രചാരണമുണ്ടായിരുന്നു.












Click it and Unblock the Notifications