ഇന്ത്യയുടെ മണ്ണ് ചൈനയ്ക്കും പാകിസ്താനും നല്‍കിയത് കോണ്‍ഗ്രസ്; ആഞ്ഞടിച്ച് രാജ്‌നാഥ് സിങ്
ലഖ്‌നൗ: കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ മണ്ണ് ചൈനയ്ക്കും പാകിസ്താനും നല്‍കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരാണെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ഗല്‍വാനിലെ ചൈനീത് കൈയ്യേറ്റം ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയാണ് രാജ്‌നാഥ് സിങ് ചെയ്തത്.
മോദി പ്രധാനമന്ത്രിയായ ശേഷം ചൈനയും പാകിസ്താനും ഇന്ത്യയുടെ സുഹൃത്തുക്കളായി എന്നാണ് രാഹുല്‍ പറയുന്നത്. പുരാതന ഇന്ത്യയുടെ ചരിത്രം രാഹുല്‍ ഗാന്ധി പഠിച്ചിട്ടില്ല. ചുരുങ്ങിയത് ആധുനിക ഇന്ത്യയുടെ ചരിത്രമെങ്കിലും രാഹുല്‍ പഠിക്കണം. പാകിസ്താന്‍ കൈയ്യടക്കിയ ഷക്‌സ്ഗാം വാലി ചൈനയ്ക്ക് കൈമാറുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. പാകിസ്താന്‍ പിടിച്ച കശ്മീരില്‍ കാരക്കോണം ഹൈവേ നിര്‍മിക്കുമ്പോള്‍ ഇന്ദിര ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. ചൈനയും പാകിസ്താനും സംയുക്തമായി ചരക്ക് ഇടനാഴി നിര്‍മിക്കുന്ന വേളയില്‍ മന്‍മോഹന്‍ സിങായിരുന്നു പ്രധാനമന്ത്രി, മോദിയായിരുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഗല്‍വാനിലെ സംഘര്‍ഷത്തില്‍ ഒട്ടേറെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും നാല് ചൈനീസ് സൈനികര്‍ മാത്രമേ കൊല്ലപ്പെട്ടുള്ളൂ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് വേദനയുണ്ടാക്കി. എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. ജനങ്ങള്‍ സംസാരിക്കട്ടെ എന്ന് മോദി പറഞ്ഞതു കൊണ്ട്് ഞാന്‍ മറുപടി നല്‍കിയില്ല. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഗല്‍വാനിലെ കാര്യങ്ങള്‍ പറഞ്ഞ പിന്നാലെയാണ് ആസ്‌ത്രേലിയയിലെ മാധ്യമപ്രവര്‍ത്തകന്‍ 50ഓളം ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
യുപിയില്‍ ആദ്യ രണ്ട് ഘട്ടത്തിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച അത്രതന്നെ സീറ്റുകള്‍ കിട്ടുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ബിജെപി അധികാരത്തിലെത്തിയാല്‍ ഹോളിക്കും ദീപാവലിക്കും പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. യുപിയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം പ്രചാരണത്തിന് എത്തിയിട്ടുണ്ട്. ജെപി നദ്ദ, അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം ശക്തിപ്പെടുത്തി. നാളെ കഴിഞ്ഞാല്‍ യുപിയിലേക്ക് മാത്രമായി ബിജെപി നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കും.
മൂന്നാംഘട്ട വോട്ടെടുപ്പ് യുപിയില്‍ ഞായറാഴ്ചയാണ്. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. ഏഴ് ഘട്ടങ്ങളായിട്ടാണ് യുപിയില്‍ വോട്ടെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. പഞ്ചാബ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെയാണ്. ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മാര്‍ച്ച് 10നാണ്.












Click it and Unblock the Notifications