മോഡി ശ്രീരാമനെന്ന് രാജ്‌നാഥ് സിംഗ്
റാഞ്ചി: രാജാവാകാന്‍ അനുവദിക്കാതെ ശ്രീരാമനെ കാട്ടിലേക്കയക്കാന്‍ ശ്രമിച്ച മന്ഥരയെപ്പോലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. ആരാണ് ശ്രീരാമന്‍ എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ അതിജീവിച്ച് മന്ഥരയുടെ കുതന്ത്രങ്ങളെ മറികടന്ന് രാജാവായ ശ്രീരാമനെപ്പോലെ നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ശ്രീരാമന്‍ അയോധ്യയുടെ രാജാവാകുന്നത് തടയാന്‍ വേണ്ടി മന്ഥര തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. അതുപോലെ തന്നെയാണ് നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്. ആരോപണങ്ങളിലൂടെ, മോഡി അധികാരത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. - റാഞ്ചിയിലെ ഒരു റാലിയില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.

എന്നാല്‍ നരേന്ദ്രമോഡി ഈ പരീക്ഷണങ്ങളെ അതിജീവിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുകയും ചെയ്യും. എത്രയേറെ കോണ്‍ഗ്രസ് മോഡിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവോ, അത്രത്തോളം മോഡി കൂടുതല്‍ ശക്തനാകുകയാണ്. ഭരതന്റെ അമ്മയായ കൈകേയിയുടെ മനസ്സില്‍ അനാവശ്യ ചിന്തകള്‍ കുത്തിനിറച്ച് ശ്രീരാമനെ 14 വര്‍ഷത്തെ വനവാസത്തിനയക്കാന്‍ കാരണക്കാരിയായ കഥാപാത്രമാണ് രാമായണത്തിലെ മന്ഥര.
അഴിമതിക്കും വിലക്കയറ്റവും നാട്ടില്‍ പെരുകുമ്പോഴും ഇതിനെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതൃത്വം ആകാശവാണി മാത്രമാണെന്ന് റാലിയില്‍ സംസാരിച്ച നരേന്ദ്രമോഡി കളിയാക്കി. പണ്ടത്തെക്കാലത്ത് ഇത്തരത്തില്‍ അശരീരികള്‍ കേട്ടിരുന്നു. എന്താണ് ഏതാണ് നടക്കുന്നതെന്ന് അറിയാത്ത കേവലം അശരീരികള്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ കേള്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറയാതെ മോഡി പറഞ്ഞു.












Click it and Unblock the Notifications