ഭീകരരെ പിന്തുടർന്ന് വേട്ടയാടും: റാവല്‍പിണ്ടിയിലും ആക്രമണം നടത്തിയെന്ന് രാജ്നാഥ് സിങ്
ന്യൂ ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22-ന് നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സായുധ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സായുധ സേനയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 26 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് ശേഷം, മെയ് 7-ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ വഴി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും (പി ഒ കെ) ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി മന്ത്രി വ്യക്തമാക്കി.
'ഭീകരവാദത്തോട് ഇന്ത്യ സീറോ ടോളറന്‍സ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഉറി സര്‍ജിക്കല്‍ സ്ട്രൈക്ക്, ബാലാകോട്ട് ആക്രമണം, ഇപ്പോള്‍ പഹല്‍ഗാം ആക്രമണത്തിന് ശേഷവും ഇന്ത്യ ശക്തമായി പ്രതികരിച്ച് ലോകത്തിന് മുന്നില്‍ തെളിയിച്ചിരിക്കുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുടെ ക്യാമ്പുകളാണ് ഈ ഓപ്പറേഷനില്‍ തകര്‍ത്തത്.' രാജ്നാഥ് സിങ് പറഞ്ഞു. ലക്നൗവില്‍ 'ബ്രഹ്മോസ് എയ്റോസ്പേസ് ഇന്റഗ്രേഷന്‍ ആന്‍ഡ് ടെസ്റ്റിംഗ് ഫെസിലിറ്റി' ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയിട്ടില്ല. എന്നാല്‍ റാവല്‍പിണ്ടി ആക്രമിച്ചെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. 'പാക് സൈന്യത്തിന്‍റെ കമാൻഡ് സെന്‍ററുകളിൽ ഒന്നായ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തി. പാകിസ്ഥാനിൽ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് അഭിനന്ദനങ്ങള്‍' പ്രതിരോധ വകുപ്പ് മന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക നടപടി മാത്രമല്ല, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, തന്ത്രപരമായ ഇച്ഛാശക്തിയുടെ പ്രതീകമാണെന്ന് മന്ത്രി അവകാശപ്പെട്ടു. പാകിസ്ഥാന്‍ സൈനിക താവളങ്ങള്‍ക്ക് പുറമേ, അവരുടെ സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയില്‍ പോലും ഇന്ത്യന്‍ സേനയുടെ ശക്തി അനുഭവപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സേനാ മേധാവികള്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ തിരിച്ചടയില്‍ പാകിസ്ഥാന് കനത്തന നാശനഷ്ടങ്ങളാണ് ഉണ്ടായത്.












Click it and Unblock the Notifications