നിരപരാധികളെ കൊന്നവരെ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്; സായുധ സേനയ്ക്ക് നന്ദി പറഞ്ഞ് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: പാകിസ്ഥാനുള്ള ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടി 'ഓപ്പറേഷന്‍ സിന്ദൂര്‍' ലക്ഷ്യം നേടിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതില്‍ ഒരു സാധാരണക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകര കേന്ദ്രങ്ങള്‍ കൃത്യമായും ധൈര്യത്തോടെയും ആക്രമിച്ച ഓപ്പറേഷനു പിന്നില്‍ പ്രവര്‍ത്തിച്ച സായുധ സേനയ്ക്ക് നന്ദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ - 'കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ വിജയം കണ്ടു. നമ്മുടെ പ്രിയപ്പെട്ടവരായ, നിരപരാധികളെ ഇല്ലാതാക്കിയവരെയാണ് വധിച്ചത്. ഇന്ത്യയ്ക്ക് നേരെ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് നാം വിനിയോഗിച്ചത്. ഓപ്പറേഷന്‍ സിന്ദൂരിനു കീഴിലുള്ള വ്യോമാക്രമണങ്ങള്‍ കൃത്യതയോടെയും ജാഗ്രതയോടെയുമാണ് നടപ്പാക്കിയത്. മാനവികത ഉയര്‍ത്തിപ്പിടിച്ചാണ് സേന പെരുമാറിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് നമ്മുടെ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ഭീകര പരിശീലന ക്യാമ്പുകള്‍ മാത്രമാണ് നശിപ്പിച്ചത്. ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് ഓപ്പറേഷന്‍ നടപ്പാക്കിയത്. തീവ്രവാദികളുടെ മനോവീര്യം തകര്‍ക്കാന്‍ ഈ നടപടി സഹായിച്ചു. ഭീകരരുടെ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയത്. നമ്മുടെ സായുധ സേനയുടെ ധൈര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു' - പ്രതിരോധ മന്ത്രി പറഞ്ഞു.
നമ്മുടെ സേനയെ പൂര്‍ണമായി വിശ്വാസത്തിലെടുക്കുകയും അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്ത പ്രധാനമന്ത്രിക്ക് നന്ദിയും അദ്ദേഹം അര്‍പ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. പുലര്‍ച്ചെ 1.44നായിരുന്നു ആക്രമണം. 23 മിനിറ്റുകളാണ് ഇന്ത്യയുടെ സൈനിക നടപടി നീണ്ടുനിന്നത്. തീവ്രവാദവുമായി ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളില്‍ 24 മിസൈല്‍ ആക്രമണങ്ങളാണ് ഇന്ത്യ നടത്തിയത്.
പാകിസ്ഥാനിലെയും പാക് അധീന ജമ്മു കാശ്മീരിലെയും ഭീകര ക്യാമ്പുകള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ 70-ലധികം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഇന്ത്യന്‍ സൈന്യം കൈമാറുന്ന വിവരം. 60-ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതുകൂടാതെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ സൈന്യത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇന്ത്യയിലെ പ്രതിരോധ വൃത്തങ്ങള്‍ അറിയിക്കുന്നു.
അതേസമയം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പാകിസ്ഥാനില്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിട്ടില്ല. ഭീകര കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് തിരിച്ചടി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയുള്ള തീവ്രവാദികള്‍ സാധാരണക്കാരെ കൊന്നൊടുക്കിയപ്പോള്‍ പാകിസ്ഥാനിലെ സാധാരണക്കാരെ തൊടാതെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഭീകരരുടെ പ്രവര്‍ത്തന കേന്ദ്രങ്ങളെന്നു കണ്ടെത്തിയ ബഹാവല്‍പൂര്‍, മുരിദ്‌കെ, ഗുല്‍പൂര്‍, ഭിംബര്‍, ചക് അമ്രു, ബാഗ്, കോട്ലി, സിയാല്‍കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
നിരോധിത സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളുടെ താവളങ്ങളാണ് തകര്‍ത്തത്. കൊല്ലപ്പെട്ടവരില്‍ തന്റെ 10 കുടുംബാംഗങ്ങളും നാല് സഹായികളും മരിച്ചതായി ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസര്‍ വെളിപ്പെടുത്തിയിരുന്നു.
അതിര്‍ത്തികളിലും കനത്ത സംഘര്‍ഷമാണ് നടക്കുന്നത്. പാകിസ്ഥാന്‍ നടത്തിയ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. ആക്രമണത്തില്‍ നിരവധി വീടുകളും കടകളും തകര്‍ന്നു. ഇവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications