'ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് മോദി ബോസ്, ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ് വര്‍ധിച്ചെന്ന് രാജ്‌നാഥ് സിംഗ്
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ യശസ് അന്താരാഷ്ട്രതലത്തില്‍ വര്‍ധിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തന്റെ പാര്‍ലമെന്ററി മണ്ഡലമായ ലഖ്നൗവിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ വാക്കുകള്‍ ഗൗരവമായി എടുത്തിരുന്നില്ല.
എന്നാല്‍ ഇന്ന് ഇന്ത്യയുടെ വാക്കുകള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. നരേന്ദ്ര മോദിയാണ് അതിന് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ പ്രധാനമന്ത്രി മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, അദ്ദേഹത്തെ അവിടെ എങ്ങനെ സ്വാഗതം ചെയ്യുന്നുവെന്ന് നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് പ്രവര്‍ത്തകരോടായി പറഞ്ഞു. നിരാല നഗറിലെ മൃത്യുഞ്ജയ് പാര്‍ക്കില്‍ തുറന്ന പ്രാദേശിക ജിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, മോദിയെ ബോസ് എന്ന് വിളിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് മോദിജിയോട് 'നിങ്ങള്‍ ആഗോളതലത്തില്‍ ശക്തനാണ്' എന്ന് പറയുന്നു, അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. മുസ്ലീം രാജ്യങ്ങളും അദ്ദേഹത്തിന് ഏറ്റവും വലിയ ബഹുമാനം നല്‍കുന്നു. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ കൈ നീട്ടി, ഇത് ഓരോ ഇന്ത്യക്കാരനും ഒരു ബഹുമതിയാണ്,' രാജ്‌നാഥ് സിംഗ് പറഞ്ഞു.
നിലവില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. 2013-2014 കാലയളവില്‍ 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു ഇന്ത്യ. ഇന്ന് ഇന്ത്യയാണ് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലഖ്നൗവില്‍ ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മിക്കുമെന്നും രാജ്മനാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ബ്രഹ്‌മോസ് മിസൈല്‍ ലഖ്നൗവില്‍ നിര്‍മിക്കുമെന്ന് നഗരവാസികള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യന്‍ എഞ്ചിനീയര്‍മാരും വിദേശ എഞ്ചിനീയര്‍മാരും ബ്രഹ്‌മോസ് മിസൈല്‍ ഫാക്ടറിയില്‍ ജോലി ചെയ്തുവരുന്നു. തദ്ദേശീയര്‍ക്കും വലിയ തോതില്‍ തൊഴില്‍ ലഭിക്കും, അദ്ദേഹം ചൂണ്ടിക്കാട്ടി. മിസൈലുകള്‍ വഹിക്കാന്‍ പ്രത്യേക റെയില്‍വേ ട്രാക്കുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഖ്നൗവില്‍ ഇതുവരെ നൂറോളം ജിം പാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അഞ്ഞൂറോളം പാര്‍ക്കുകളും ഓപ്പണ്‍ ജിമ്മുകളും സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും 40 കോടി രൂപ ചെലവില്‍ കമ്മ്യൂണിറ്റി കം വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ലഖ്നൗവില്‍ തനിക്ക് അധിക സമയം ചെലവഴിക്കാന്‍ കഴിയില്ലെന്നും തന്നിലുള്ള ഉത്തരവാദിത്തം അത്രത്തോളം വലുതാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ തനിക്ക് വിദേശത്തേക്ക് പോകേണ്ടിവരും. എന്നാല്‍ ലഖ്നൗവിന്റെ വികസനത്തിനായി താന്‍ എന്നും പ്രതിജ്ഞാബദ്ധനാണ് എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications