രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യം...
ബിജെപിയ്ക്കെതിരെ കൈരാനയില്‍ വിശാല സഖ്യം വന്നതും കര്‍ണാടകയിലെ സഖ്യരൂപീകരണവുമെല്ലാം ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോള്‍ രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് മറ്റൊരു പ്രതിപക്ഷ ഐക്യ വേദിയാകാനൊരുങ്ങുകയാണെന്ന് സൂചന. ഇങ്ങ് കേരളത്തില്‍ പിജെ കുര്യന് വീണ്ടും രാജ്യസഭ സീറ്റ് നല്‍കുന്നതിനെചൊല്ലി തര്‍ക്കം മുറുകുമ്പോള്‍ ഹൈക്കമന്‍ഡ് ബിജെപിയ്ക്ക് രാജ്യസഭ ഉപാധ്യക്ഷക സീറ്റ് കിട്ടാതിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടുപിടിക്കാനിരിക്കുകയാണ്.
ഇതിനായി ആ പദവി ബി.ജെ.പിയിതര പ്രതിപക്ഷത്തിന് വിട്ടുനല്‍കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചേക്കും. ഒഡിഷയില്‍ നവീന്‍ പട്നായക് നയിക്കുന്ന ബി.ജെ.ഡിയുടെ പിന്തുണ നേടാന്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ സജീവമാക്കുകയാണ് പാര്‍ട്ടി.കാലാവധി പൂര്‍ത്തിയാക്കി ഇൗ മാസാവസാനം ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് വിരമിക്കുകയാണ്. വീണ്ടും കോണ്‍ഗ്രസ് ടിക്കറ്റ് നല്കിയാല് രണ്ടാമൂഴത്തിന് ചില സാധ്യതകള്‍ അദ്ദേഹം കാണുന്നുണ്ട്. എന്‍.ഡി.എക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെന്നിരിക്കേ, കുര്യന് സ്ഥാനാര്‍ഥിയായാല്‍ ബി.ജെ.പി പിന്തുണ കിട്ടാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ കേരളത്തിന് പിജെ കുര്യന് ഈ സ്ഥാനത്ത് ഇരിക്കുന്നതില്‍ യോജിപ്പില്ല. പകരം യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം കേരളത്തില്‍ ഉയരന്നുണ്ട്.ഇതിനിടയിലാണ് രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുത്ത് പ്രതിപക്ഷ ഐക്യസാധ്യത ഊട്ടിഉറപ്പിക്കാന്‍ ദേശീയ നേതൃത്വം ശ്രമം തുടങ്ങിയത്. 122 സീറ്റാണ് രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍.ഡി.എക്ക് 105 സീറ്റുണ്ട്. ആറു സ്വതന്ത്രരില്നിന്നടക്കം അടക്കം ചില പ്രശ്നാധിഷ്ഠിത പിന്തുണകളും ബിജെ.പിക്ക് കിട്ടുന്നുണ്ട്. ഒരു ചേരിക്കും തുറന്ന പിന്തുണ നല്‍കാത്ത ബി.ജെ.ഡി, വൈ.എസ്.ആര് കോണ്‍ഗ്രസ്, ടി.ആര്.എസ് എന്നീ കക്ഷികളില്‍ ഒന്നിനെ തെരഞ്ഞെടുപ്പില്‍ ഒപ്പം കൂട്ടാന്‍ കഴിഞ്ഞാല്‍ ബിജെപിയ്ക്ക് സാഹചര്യം അനുകൂലമാകും.
ബിജെപിയുമായി അടുത്തകാലം വരെ സൗഹൃദം പുലര്‍ത്തിപോന്ന ബിജെഡിയെ കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്.രാജ്യസഭയില്‍ ഒമ്പത് സീറ്റ് ബി.ജെ.ഡിക്ക് സ്വന്തമാണ്. അവര്‍ക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ പൊതുസ്വീകാര്യരായ മറ്റു പാര്‍ട്ടികള്‍ക്കോ ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കാമെന്ന വാഗ്ദാനമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാല്‍ സമയം വരട്ടെ,ആലോചിക്കാമെന്നാണ് നവീന്‍ പാട്നായിക് പാര്‍ട്ടിയ്ക്ക് നല്കിയ മറുപടിയെന്നാണ് വിവരം