രാജ്യസഭ തെരഞ്ഞെടുപ്പ് നാളെ ; കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 13 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. പഞ്ചാബിൽ നിന്ന് അഞ്ച്, കേരളത്തിൽ നിന്ന് മൂന്ന്, അസമിൽ നിന്ന് രണ്ട്, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, ത്രിപുര എന്നി സംസ്ഥാനങ്ങളിൽ നിന്ന് ഓരോ അംഗങ്ങള്‍ വീതമാണ് തെരഞ്ഞെടുക്കപ്പെടുക. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെയുള്ളവരുടെ സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
കേരളത്തിൽ നിന്ന് എ കെ ആന്റണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഈ വർഷത്തോടെ അവസാനിക്കുന്നത്. മാർച്ച് 31ന് രാവിലെ 9 മണി മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. അന്ന് വൈകീട്ട് അഞ്ച് മണിക്ക് വേട്ടെണ്ണൽ നടക്കും.

സംസ്ഥാന കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ റഹീം രാജ്യസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയാകും. സി.പി.എം സംസ്ഥാന കമ്മിറ്റിയാണ് റഹീമിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായതിന് പിന്നാലെയാണ് സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. നിലവിൽ നിയമസഭയിലുള്ള അംഗസംഖ്യ അനുസരിച്ച് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാനാണ് ഇടതുമുന്നണിക്ക് സാധിക്കുക. കണ്ണൂർ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറാണ് സിപിഐയുടെ രാജ്യസഭ സ്ഥാനാർഥി.
എൽജെഡി, ജനതാദൾ (എസ്), എൻസിപി എന്നിവരാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. എൽജെഡി നേതാവ് വീരേന്ദ്രകുമാർ എൽ.ഡി.എഫിലേക്ക് വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോൾ മകനായ ശ്രേയാംസ് കുമാറിന് കൈമാറുകയായിരുന്നു. എന്നാൽ, ഒരു എം.എൽ.എ മാത്രമുള്ള എൽജെഡിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു.
മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തറാണ് കോൺഗ്രസിന്‍റെ രാജ്യസഭ സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്ററായിരുന്ന ജെബി അടുത്തിടെയാണ് മഹിള കോൺഗ്രസ് അധ്യക്ഷയായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ലതിക സുഭാഷ് രാജിവെച്ച ഒഴിവിലാണ് അഡ്വ. ജെബി മേത്തർ മഹിള കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷയായത്. ബി.എ, എൽഎൽ.ബി ബിരുദധാരിയായ ജെബി 2016 മുതൽ നാലു വർഷം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2020 മുതൽ കെപിസിസി അംഗമാണ്. നിലവിൽ ആലുവ നഗരസഭ ഉപാധ്യക്ഷയാണ്.
ജെബി മേത്തർ ഉൾപ്പെടെ മൂന്നംഗ പാനലാണ് ഹൈകമാൻഡിന് കെപിസിസി കൈമാറിയിരുന്നത്. കെപിസിസി നിർവാഹകസമിതിയംഗം എം. ലിജു, യുഡിഎഫ് കൺവീനർ എം.എം ഹസൻ എന്നിവരായിരുന്നു മറ്റു രണ്ടു പേർ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവിലാണ് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർഥിയുടെ പേര് തീരുമാനമായത്.












Click it and Unblock the Notifications