'രാജ്യസഭയില്‍ മലയാളം' : സുരേഷ് ഗോപിയുടെ പ്രസംഗം മലയാളത്തില്‍, നന്നായിയെന്ന് സ്പീക്കര്‍
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപി അവസാന പ്രസംഗം മലയാളത്തില്‍ അവതരിപ്പിച്ചു. ഈ സമ്മേളനത്തിലെ അവസാന പ്രസംഗമാണ് സുരേഷ് ഗോപി ഇന്ന് നടത്തിയത്. പ്രസംഗത്തിന് ശേഷം അഭിനന്ദനവുമായി സ്പീക്കറും പ്രതികരിച്ചു. നന്നായി സംസാരിച്ചുവെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.
ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. 'എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പണമായി, മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമര്‍പ്പണമായി, ഈ നിവേദനം കേന്ദ്ര വനം വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു' ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

ജൂലൈയിലാണ് രാജ്യസഭ എംപിയായ നടന്‍ സുരേഷ് ഗോപിയുടെ കാലാവധി അവസാനിക്കുന്നത്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതിന് ശേഷമുള്ള സുരേഷ് ഗോപിയുടെ ട്വീറ്റ് വീണ്ടും ചര്‍ച്ചയാകുകയാണ്. ഇന്ന് ഈ ടേമിലെ അവസാന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുകയാണ് എന്നാണ് സുരേഷ് ഗോപി ട്വീറ്റ് ചെയ്തത്. ഈ ടേമിലെ എന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാല്‍ മറ്റൊരു ടേം കൂടി സുരേഷ് ഗോപിക്ക് ബിജെപി നല്‍കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. സുരേഷ് ഗോപിക്ക് വീണ്ടും എംപി സ്ഥാനം ലഭിക്കുമെന്ന് ചില ബിജെപി നേതാക്കള്‍ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് സുരേഷ് ഗോപിയുടെ ട്വീറ്റും വരുന്നത്.
2016 ഏപ്രില്‍ 27നാണ് സുരേഷ് ഗോപി രാജ്യസഭയിലേക്ക് എംപിയായി വരുന്നത്. കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന ആറാമത്തെ മലയാളിയാണ് സുരേഷ് ഗോപി. അടുത്തിടെ വിരമിക്കുന്ന എംപിമാരുടെ യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരുന്നു. നിങ്ങളുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്ന് മോദി യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞു.
സുരേഷ് ഗോപി 2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2021ല്‍ നിയമസഭാ തെരരഞ്ഞെടുപ്പിലും മല്‍സരിച്ചിരുന്നു. രാജ്യസഭാ എംപിയായിരിക്കെ തന്നെയാണ് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മത്സരിച്ചത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്നാണ് രണ്ടു തവണയും അദ്ദേഹം ജനവിധി തേടിയത്. മണ്ഡലത്തില്‍ നിന്ന് വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ തന്നെ മല്‍സരിക്കുമെന്നും വിജയം നേടുമെന്നുമുള്ള പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.












Click it and Unblock the Notifications