രാജ്യസഭാ സീറ്റ് നഷ്ടം, കേന്ദ്രനേതൃത്വം ആര്‍ജെഡിയില്‍ ലയിക്കുന്നു; എല്‍ജെഡി വന്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: കൈയിലുണ്ടായിരുന്ന രാജ്യസഭ സീറ്റ് കൂടി നഷ്ടമായതോടെ എല്‍ ജെ ഡിയില്‍ (ലോക് താന്ത്രിക് ജനതാദള്‍) നേരിടുന്നത് വന്‍ പ്രതിസന്ധി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ മന്ത്രി സ്ഥാനവും നഷ്ടവുമായിരുന്നു. ഇതിനിടെയാണ് രാജ്യസഭ സീറ്റ് കൂടി പാര്‍ട്ടിക്ക് നഷ്ടമാകുന്നത്. എം പി വീരേന്ദ്ര കുമാറിന്റെ മരണ ശേഷം പാര്‍ട്ടി വലിയ നേതൃ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. അതിനിടെയാണ് ഇടത് മുന്നണിയില്‍ നിന്ന് കടുത്ത അവഗണനയും പാര്‍ട്ടി നേരിടുന്നത്. നിയമസഭയിലേക്ക് മത്സരിക്കാന്‍ മതിയായ സീറ്റുകള്‍ നല്‍കാതെ എല്‍ ഡി എഫ് വഞ്ചിച്ചെന്ന ആക്ഷേപം എല്‍ ജെ ഡിയ്ക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്.
ഉഭയകക്ഷി ചര്‍ച്ചപോലും നടത്താതെ സീറ്റ് ഏറ്റെടുത്ത സി പി ഐ എം ടേം വ്യവസ്ഥയില്‍ മൂന്നുവര്‍ഷമെങ്കിലും സീറ്റ് പങ്കുവെക്കണമെന്ന അഭ്യര്‍ഥനയും അംഗീകരിച്ചിരുന്നില്ല. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. മുന്നണിയില്‍ തുടരണോ എന്ന കാര്യത്തിലും പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായമുയരുന്നുണ്ട്. പാര്‍ട്ടി പ്രസിഡന്റ് എം വി ശ്രേയാംസ് കുമാറിനെതിരെ നിലപാടെടുത്ത നേതാക്കളെല്ലാം നിലവില്‍ സി പി ഐ എമ്മിന്റെ ഭാഗമാണ്. പാര്‍ട്ടിയ്ക്കുള്ളിലെ പ്രതിസന്ധി മുതലെടുത്ത് കൂടുതല്‍ പേരെ അടര്‍ത്താന്‍ സി പി ഐ എമ്മിലെത്തിയ മുന്‍ നേതാക്കളും ശ്രമിക്കുന്നുണ്ട്.

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ അന്നത്തെ ജെ ഡി യു ഇടത് മുന്നണി വിട്ടിരുന്നു. പിന്നീട് യു ഡി എഫിനൊപ്പമായിരുന്നു അവര്‍ മത്സരിച്ചിരുന്നത്. യു ഡി എഫിലിരിക്കെ ആറ് നിയമസഭ സീറ്റില്‍ എല്‍ ജെ ഡി മത്സരിച്ചിരുന്നു. എന്നാല്‍ പിന്നീട് എല്‍ ഡി എഫില്‍ തിരിച്ചെത്തിയപ്പോള്‍ മൂന്ന് സീറ്റ് മാത്രമാണ് എല്‍ ഡി എഫ് എല്‍ ജെ ഡിയ്ക്ക് അനുവദിച്ചത്. എന്നാല്‍ അപ്പോള്‍ രാജ്യസഭ സീറ്റ് കൈവശമുണ്ടായിരുന്നു. വീരേന്ദ്ര കുമാറിന്റെ മരണശേഷം എം വി ശ്രേയാംസ് കുമാറിനായിരുന്നു സീറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ എല്‍ ജെ ഡിയ്ക്ക് സീറ്റ് നല്‍കിയില്ല.

വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി പി ഐ ആണ് എല്‍ ജെ ഡിയുടെ സീറ്റില്‍ മത്സരിക്കുന്നത്. അതിനിടെ എല്‍ ജെ ഡിയുടെ കേന്ദ്ര നേതൃത്വം ഇന്ന ആര്‍ ജെ ഡിയില്‍ ലയിക്കും. പട്‌നയില്‍ ഞായറാഴ്ച നടക്കുന്ന സമ്മേളനത്തിലാണ് എല്‍ ജെ ഡി കേന്ദ്രനേതൃത്വം ആര്‍ ജെ ഡിയില്‍ ലയിക്കുന്നത്. ഇതോടെ കേരളത്തിലെ പാര്‍ട്ടിക്ക് കേന്ദ്രനേതൃത്വം ഇല്ലാതാകുന്ന സ്ഥിതിയാണ്. അതേസമയം സംസ്ഥാന ഘടകം ലയനത്തിന്റെ ഭാഗമല്ലെന്ന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് അറിയിച്ചു.

ദേശീയ നേതൃത്വത്തിലെ നിതീഷ് കുമാറും കൂട്ടരും നേരത്തേ ബി ജെ പി സഖ്യത്തിന്റെ ഭാഗമായിരുന്നു. ഇതോടെ ശരത് യാദവിനെയാണ് എല്‍ ജെ ഡിയുടെ മാര്‍ഗദര്‍ശിയായി പ്രഖ്യാപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അയോഗ്യത പ്രശ്‌നം മുന്‍നിര്‍ത്തി അദ്ദേഹത്തിന് ഭാരവാഹിത്വം നല്‍കിയിരുന്നില്ല. ഇപ്പോള്‍ ദേശീയ കമ്മിറ്റി കൂടി ചര്‍ച്ച ചെയ്യാതെയാണ് അദ്ദേഹം ലയനസമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലയനത്തിന് സംസ്ഥാന ഘടകങ്ങളുടെ അംഗീകാരവും വാങ്ങിയിട്ടില്ല.

അതേസമയം പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ്. എന്നാല്‍ നേതൃത്വം ഇത് സമ്മതിച്ചിട്ടില്ല. എല്‍ ജെ ഡിയില്‍ നിന്ന് പ്രവര്‍ത്തകര്‍ രാജി വെച്ച് പോകുന്നുവെന്നത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണജനകവുമാണൊണ് എല്‍ ജെ ഡി ജില്ല കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏറെ നാളായി വിട്ട് നില്‍ക്കുന്നവരാണ് സി പി ഐ എമ്മുമായി സഹകരിക്കുന്നത് എന്നാണ് നേതൃത്വം പറയുന്നത്.












Click it and Unblock the Notifications