'18 വർഷത്തെ തപസ്യയ്ക്ക് വിലയില്ല', രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി പരസ്യമാക്കി നഗ്മ
മുംബൈ: രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസമാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്ത് വിട്ടത്. പിന്നാലെ പരിഗണിക്കപ്പെടാത്തവര്‍ക്കിടയില്‍ അതൃപ്തി പുകയുകയാണ്. 2004ല്‍ ആണ് നഗ്മ കോണ്‍ഗ്രസില്‍ ചേരുന്നത്. തനിക്ക് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് അന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നുവെന്ന് നഗ്മ ട്വിറ്ററില്‍ കുറിച്ചു.
അന്ന് കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നില്ല. അതിന് ശേഷം 18 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതുവരേയും തന്നെ പരിഗണിക്കാനുളള ഒരു അവസരം പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് നഗ്മ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ നിന്നുളള നേതാവായ ഇമ്രാന്‍ പ്രതാപ് ഗിരിക്കാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ നിന്നുളള രാജ്യസഭാ ടിക്കറ്റ് നല്‍കിയിരിക്കുന്നത്. തനിക്ക് രാജ്യസഭയിലേക്ക് മത്സരിക്കാനുളള അര്‍ഹത കുറവായിരിക്കാം. 18 വര്‍ഷത്തെ തങ്ങളുടെ അധ്വാനം ഇമ്രാന്‍ ഭായിക്ക് മുന്നില്‍ ചെറുതായി പോയി എന്നും നഗ്മ ട്വീറ്റ് ചെയ്തു.

ജൂണ്‍ പത്തിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ 7 സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്ക് 10 സ്ഥാനാര്‍ത്ഥികളടങ്ങുന്ന പട്ടികയാണ് ഞായറാഴ്ച കോണ്‍ഗ്രസ് പുറത്ത് വിട്ടത്. സീറ്റ് പ്രതീക്ഷിക്കപ്പെട്ടിരുന്ന പല പ്രമുഖ നേതാക്കള്‍ക്കും നിരാശയാണ് ഫലം. രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്ന മൂന്ന് നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ്. ഇവര്‍ മൂന്ന് നേരും രാജസ്ഥാനില്‍ നിന്നുളള നേതാക്കളല്ല. ഇതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ കലാപത്തിന് തുടക്കമിട്ടിരിക്കുകയാണ്..
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
Recommended Video
എന്തുകൊണ്ടാണ് രാജസ്ഥാനില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കാത്തത് എന്ന് സിരോഹിയില്‍ നിന്നുളള എംഎല്‍എയായ സന്യാം ലോധ ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അതിനുളള കാരണം പറയണമെന്നും എംഎല്‍എ ട്വീറ്റ് ചെയ്തു. രാജസ്ഥാനില്‍ നിന്നുളള നേതാവായ പവന്‍ ഖേഡയെ പരിഗണിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പവന്‍ ഖേഡയ്ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടില്ല. തന്റെ പ്രയത്‌നത്തില്‍ എന്തെങ്കിലും കുറവ് വന്നത് കൊണ്ടാകാം എന്ന് പവന്‍ ഖേഡ ട്വീറ്റ് ചെയ്തു. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ അടക്കമുളളവരേയും രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിട്ടില്ല.












Click it and Unblock the Notifications