രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല; 'ആര്‍എസ്എസ്-ബിജെപി പരിപാടി എന്ന് വ്യക്തം'
ന്യൂദല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. ആര്‍ എസ് എസ് - ബി ജെ പി പരിപാടിയാണ് പ്രതിഷ്ഠാ ചടങ്ങ് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ രാമക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
ജനുവരി 22 ന് ആണ് പരിപാടി നടക്കുന്നത്. മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ആര്‍ എസ് എസും ബി ജെ പിയും അയോധ്യയിലെ ക്ഷേത്രത്തിന്റെ രാഷ്ട്രീയ പദ്ധതിയാണ് പണ്ടേ ഉണ്ടാക്കിയത്. അപൂര്‍ണ്ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബി ജെ പി യുടെയും ആര്‍ എസ് എസിന്റെയും നേതാക്കള്‍ തെരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടി കൊണ്ടുവന്നതാണ്', കോണ്‍ഗ്രസ് പ്രസ്താനയില്‍ പറയുന്നു.

2019 ലെ സുപ്രീം കോടതി വിധിയെ അനുസരിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുന്നു എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ആര്‍ എസ് എസ് / ബി ജെ പി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂര്‍വം നിരസിക്കുകയാണ് എന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത്. കോണ്‍ഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കരുത് എന്ന് ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. സി പി എം, സി പി ഐ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ക്ഷണം നേരത്തെ നിരാകരിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് സുവ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ഇത് കേരളത്തിലെ മുസ്ലീം ലീഗ് അടക്കമുള്ള ന്യൂനപക്ഷ കക്ഷികളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാമക്ഷേത്ര ചടങ്ങ് പാര്‍ട്ടി ബഹിഷ്‌കരിക്കണം എന്ന നിലപാട് തന്നെയായിരുന്നു. എന്നാല്‍ ഉത്തരേന്ത്യന്‍ നേതൃത്വത്തിന് വിപരീത നിലപാടായിരുന്നു ഉണ്ടായിരുന്നത്. പല നേതാക്കളും കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുക്കണം എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications