അയോദ്ധ്യ രാമക്ഷേത്രം: ചടങ്ങില്‍ അദ്വാനി പങ്കെടുക്കില്ല.. അവസാന നിമിഷം യാത്ര ഉപേക്ഷിച്ചു, കാരണമിത്
അയോദ്ധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ച് മുതിര്‍ന്ന ബി ജെ പി നേതാവും രാമക്ഷേത്ര സമരത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ നേതാവുമായ എല്‍ കെ അദ്വാനി. അതിശൈത്യത്തെ തുടര്‍ന്നാണ് അയോദ്ധ്യയിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ് എന്നാണ് വിശദീകരണം. 96 കാരനായ എല്‍ കെ അദ്വാനി വാര്‍ധക്യസഹജമായ അവശതകളാല്‍ പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ്.
ആരോഗ്യവും പ്രായവും കണക്കിലെടുത്ത് എല്‍ കെ അദ്വാനിയും പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയും പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് രാമക്ഷേത്ര ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഇരുവരും കുടുംബത്തിലെ മുതിര്‍ന്നവരാണ്. അവരുടെ പ്രായം കണക്കിലെടുത്ത്, വരരുതെന്ന് അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടായിരുന്നു.

അത് ഇരുവരും അംഗീകരിച്ചു' എന്നായിരുന്നു രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞ മാസം പറഞ്ഞത്. എന്നാല്‍ ജനുവരി ആദ്യം എല്‍ കെ അദ്വാനി രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ഒരു വിശ്വ ഹിന്ദു പരിഷത്ത് നേതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു. അദ്വാനിക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കുമെന്ന് വിഎച്ച്പിയുടെ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാറും പറഞ്ഞിരുന്നു.
ഡിസംബറില്‍ അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും വി എച്ച് പി ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിക്കും എന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് അദ്വാനിയും ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നത്. വിധിയുടെ നിശ്ചയമാണ് രാമക്ഷേത്ര നിര്‍മാണവും അതിനായി മോദിയെ തിരഞ്ഞെടുക്കുന്നതും എന്നായിരുന്നു അദ്വാനി പറഞ്ഞിരുന്നത്.
'രാം മന്ദിര്‍ നിര്‍മാണ്‍, ഏക് ദിവ്യ സ്വപ്ന കി പൂര്‍ണി' എന്ന ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി 33 വര്‍ഷം മുമ്പ് താന്‍ നടത്തിയ 'രഥയാത്ര'യെക്കുറിച്ച് അദ്വാനി തന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. തന്റെ രാഷ്ട്രീയ യാത്രയിലെ 'ഏറ്റവും നിര്‍ണായകവും പരിവര്‍ത്തനപരവുമായ സംഭവമാണ് അയോദ്ധ്യ പ്രസ്ഥാനം എന്ന് താന്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
1990 ല്‍ ബിജെപിയുടെ അന്നത്തെ അധ്യക്ഷനായിരുന്ന അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചതോടെയാണ് രാമക്ഷേത്ര പ്രസ്ഥാനത്തിലെ വലിയ ഏടിന് തുടക്കായത്. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോദ്ധ്യയിലേക്കായിരുന്നു രഥയാത്ര. 1990 സെപ്റ്റംബര്‍ 25 ന് സോമനാഥില്‍ ആരംഭിച്ച യാത്രയില്‍ സംഘപരിവാറുമായി ബന്ധമുള്ള ആയിരക്കണക്കിന് കര്‍സേവകര്‍ ഭാഗമായിരുന്നു.












Click it and Unblock the Notifications