അയോധ്യ രാമക്ഷേത്രം: 32 വര്‍ഷം മുന്‍പ് മോദിയെടുത്ത പ്രതിജ്ഞ, ഇന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്..!
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോള്‍ പൂര്‍ത്തിയാകുന്നത് അദ്ദേഹത്തിന്റെ 32 വര്‍ഷം മുന്‍പുള്ള പ്രതിജ്ഞയും. രാമക്ഷേത്രത്തിന്റെ സമര്‍പ്പണം ഒരു പ്രധാന മതപരമായ സംഭവം മാത്രമല്ല, 32 വര്‍ഷം മുമ്പ് മോദി ആരംഭിച്ച ഒരു യാത്രയുടെ സമാപനം കൂടിയാണ് എന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.
ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് മോദി ആര്‍ക്കൈവ്‌സ് എന്ന എക്‌സ് അക്കൗണ്ടില്‍ 32 വര്‍ഷം മുന്‍പ് മോദി ആരംഭിച്ച ഏകതാ യാത്രയുടെ ചിത്രങ്ങളും പങ്ക് വെച്ചിട്ടുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ജനുവരി 14 ന്, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് ഏകതാ യാത്ര എന്നറിയപ്പെടുന്ന ഒരു യാത്രയ്ക്ക് മോദി തുടക്കമിട്ടിരുന്നു. അന്ന് 'ജയ് ശ്രീറാം' എന്ന വിളികള്‍ക്കിടയില്‍ മോദി അയോധ്യയിലെ രാംലല്ല വിഗ്രഹത്തെ ആരാധിച്ചു.

Image Credit: X@Modi Archive
അയോധ്യയില്‍ രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ തിരിച്ചുവരൂ എന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു എന്നാണ് ട്വീറ്റില്‍ അവകാശപ്പെട്ടിരിക്കുന്നത്. ട്വീറ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്... '32 വര്‍ഷം മുമ്പ്, ഈ ദിവസം, നരേന്ദ്ര മോദി അയോധ്യാരാമക്ഷേത്രത്തില്‍ എത്തി. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അദ്ദേഹം ഒരു യാത്രയിലായിരുന്നു, ഏകതാ യാത്ര.
'ജയ് ശ്രീറാം' വിളികള്‍ക്കിടയില്‍, രാമക്ഷേത്രം പണിതാല്‍ മാത്രമേ തിരിച്ചുവരൂ എന്ന് നരേന്ദ്ര മോദി പ്രതിജ്ഞയെടുത്തു. കശ്മീരിനെ ഇന്ത്യയുമായി സംയോജിപ്പിക്കുന്നത് സ്വാതന്ത്ര്യാനന്തരം ജനസംഘവും ബിജെപിയും ചേര്‍ന്ന് രാജ്യത്തെ ഒന്നിപ്പിക്കാന്‍ നടത്തിയ തപസ്യയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഒടുവില്‍ ഫലം കായ്ക്കുന്ന ഒരു തപസ്യ.
എണ്ണമറ്റ ഹിന്ദുക്കളുടെ നൂറ്റാണ്ടുകളുടെ സഹനത്തിന് ശേഷം, ഭഗവാന്‍ ശ്രീരാമനെ ഒരു മഹാക്ഷേത്രത്തില്‍ തന്റെ ജന്മഭൂമിയിലേക്ക് പുനഃസ്ഥാപിച്ചു - ഈ യാത്ര അതിന്റെ ശരിയായ ലക്ഷ്യത്തിലെത്താന്‍ നരേന്ദ്ര മോദിയില്‍ വിധിക്കപ്പെട്ടതായിരുന്നു' എന്നാണ് ട്വീറ്റില്‍ പറയുന്നത്. അതേസമയം രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി നരേന്ദ്ര മോദി അയോധ്യയില്‍ എത്തിയിട്ടുണ്ട്.
നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെയും വിദേശത്തെയും വിവിധ രാഷ്ട്രീയ പ്രമുഖരെയും വ്യക്തിത്വങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രജനീകാന്ത്, മിതാലി രാജ്, സൈന നേഹ്വാള്‍, അഭിഷേക് ബച്ചന്‍, ചിരഞ്ജീവി, രാംചരണ്‍, അനില്‍ കുംബ്ലെ തുടങ്ങി ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിഐപികളുടെ നീണ്ട നിരയാണ് എത്തിയിരിക്കുന്നത്.












Click it and Unblock the Notifications