രാമക്ഷേത്ര നിര്‍മാണം; ഫണ്ട് പിരിവ് രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
റാഞ്ചി: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. അടുത്ത മാസം ഭൂമി പൂജയും ക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടല്‍ കര്‍മവും നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും തറക്കല്ലിടുക എന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. മാത്രമല്ല, ബിജെപി, ആര്‍എസ്എസ് നേതാക്കളെല്ലാം ചടങ്ങില്‍ സംബന്ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു.
അതിന് പുറമെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരും ചടങ്ങിനെത്തും. ക്ഷേത്ര നിര്‍മാണത്തിന് രാജ്യവ്യാപകമായി പണപ്പിരിവ് നടത്താന്‍ ട്രസ്റ്റ് ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് വ്യത്യസ്തമായ ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കണം
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പണപ്പിരിവ് നടത്താന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കണമെന്ന് പ്രദീപ് യാദവ് അഭ്യര്‍ഥിച്ചു. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് ഇദ്ദേഹം. പാര്‍ട്ടിയുടെ മുഖമായ രാഹുല്‍ ഗാന്ധി തന്നെ ക്ഷേത്ര നിര്‍മാണ പിരിവിന് നേതൃത്വം നല്‍കണമെന്നാണ് എംഎല്‍എയുടെ ആവശ്യം.

രാഷ്ട്രീയമായ മുതലെടുപ്പ്
ബിജെപി രാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുകയാണ്. ഇത് അവര്‍ രാഷ്ട്രീയമായ മുതലെടുപ്പിന് ഉപയോഗിച്ചേക്കാം. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പണപ്പിരിവ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്ക് കത്ത്
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയാല്‍ അവര്‍ രാഷ്ട്രീയ നേട്ടം കൊയ്യും. രാജ്യത്തിന്റെ മതേതരത്വവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടണം. ക്ഷേത്ര നിര്‍മാണത്തില്‍ ഏതെങ്കിലും ഒരുപാര്‍ട്ടി മാത്രം ഇടപെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പ്രദീപ് യാദവ് ആവശ്യപ്പെട്ടു.

ആരാണ് ഈ എംഎല്‍എ
2019ലെ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച- പ്രചാതന്ത്രിക് ടിക്കറ്റിലാണ് പ്രദീപ് യാദവ് മല്‍സരിച്ച് ജയിച്ചത്. ഈ പാര്‍ട്ടി പിന്നീട് ബിജെപിയില്‍ ലയിച്ചു. ഈ വേളയിലാണ് പ്രദീപ് യാദവ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ ബിജെപി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം 2006ല്‍ രാജിവച്ച്് ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജാതന്ത്രികില്‍ ചേര്‍ന്നിരുന്നു.

കത്തിന്റെ പകര്‍പ്പ് പ്രമുഖര്‍ക്കെല്ലാം അയച്ചു
രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് സോണിയ ഗാന്ധി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, രാജ്യത്തെ മറ്റു മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കെല്ലാം പ്രദീപ് യാദവ് അയച്ചിട്ടുണ്ട്.

രാജ്യത്തിന്റെ മതേതര സ്വഭാവം
ബിജെപിയുമായി മുമ്പ് ബന്ധമുണ്ടായിരുന്നത് കൊണ്ടല്ല താന്‍ ഈ നിലപാട് ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് പ്രദീപ് യാദവ് എംഎല്‍എ പറയുന്നു. എല്ലാ പാര്‍ട്ടികളും രാമക്ഷേത്ര നിര്‍മാണത്തില്‍ അവരുടേതായ സംഭാവനകള്‍ നല്‍കിയില്ലെങ്കില്‍ രാജ്യത്തിന്റെ മതേതര സ്വഭാവം തെളിയിക്കാന്‍ സാധിക്കില്ലെന്നും എംഎല്‍എ വാദിക്കുന്നു.

ആഗസ്റ്റിന് 5ന് വന്‍ പരിപാടി
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് അഞ്ചിന് അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് ഭൂമി പൂജയും തറക്കല്ലിടല്‍ കര്‍മവും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 50 വിഐപികളാണ് അന്ന് അയോധ്യയിലെത്തുക. കൊറോണ നിയന്ത്രണമുള്ളതിനാലാണ് വിഐപികളുടെ എണ്ണം കുറച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications