അയോധ്യ രാമക്ഷേത്രം: കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം
ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് അയോധ്യാ കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ക്ഷണം. കേസില്‍ 2019 ല്‍ അന്തിമ വിധി പ്രഖ്യാപിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരെയാണ് ക്ഷേത്രം ഭാരവാഹികള്‍ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നിര്‍മ്മിച്ച പള്ളിയുടെ അടിയില്‍ ഒരു നിര്‍മിതി നിലവിലുണ്ടെന്ന് സ്ഥിരീകരിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെ അധികരിച്ച് ഭരണഘടനാ ബെഞ്ച് നവംബര്‍ 9 നാണ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കം പരിഹരിച്ചത്. 1045 പേജുള്ള വിധിന്യായത്തില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാനും സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ 'അനുയോജ്യമായ' സ്ഥലം നല്‍കാനും ഉത്തരവിട്ടു.

തെറ്റ് സംഭവിച്ചുവെന്ന് അംഗീകരിക്കാനും പരിഹാരനടപടികള്‍ വാഗ്ദാനം ചെയ്യാനും വേണ്ടിയാണിതെന്നായിരുന്നു അന്ന് ജഡ്ജിമാര്‍ പറഞ്ഞത്. അന്ന് വിധി പറഞ്ഞവരില്‍ ചന്ദ്രചൂഡ് ഒഴികെ ആ ബെഞ്ചിലെ എല്ലാവരും വിരമിച്ചു. രഞ്ജന്‍ ഗൊഗോയ് ഇപ്പോള്‍ രാജ്യസഭാ എം പിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നല്‍കുന്നത്.
രാജ്യത്തെ എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 8000-ത്തോളം വരുന്ന അതിഥി പട്ടികയില്‍ അഭിനേതാക്കളായ അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, രജനീകാന്ത്, മോഹന്‍ലാല്‍, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര തുടങ്ങിയവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ക്ഷേത്രത്തില്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത 51 ഇഞ്ച് വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു.
പ്രധാന ചടങ്ങുകള്‍ നിര്‍വഹിക്കുന്ന ലക്ഷ്മികാന്ത് ദീക്ഷിതിന്റെ മേല്‍നോട്ടത്തില്‍ പുരോഹിതരുടെ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് 'പ്രാണപ്രതിഷ്ഠ' ചടങ്ങ് നടത്തുക. ചടങ്ങിനോട് അനുബന്ധിച്ച് നരേന്ദ്ര മോദി 11 ദിവസത്തെ വ്രതത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചടങ്ങിനോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ദ്ധ ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications