രാമക്ഷേത്ര കൊള്ള; അന്വേഷണം തീരും വരെ പ്രതികരിക്കാനില്ല, മറുപടിയുമായി ചമ്പത് റായി
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണിയതുമായി ബന്ധപ്പെട്ട് ഉയർന്ന വലിയ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ മറുപടിയുമായി മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവുമായ ചമ്പത് റായ്. തുറന്നകത്തിലൂടെയാണ് പ്രതികരണം. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ പ്രതികരിക്കാനില്ലെന്നും ചമ്പത് റായ് കത്തിൽ പറഞ്ഞു. തനിക്കെതിരെ ഉയർന്ന പരാതികളിൽ ഇതുവരെ പ്രതികരിക്കാതിരുന്നത് ക്ഷേത്ര ട്രസ്റ്റിന്റെ നിർദേശപ്രകാരമായിരുന്നുവെന്നും അദ്ദേഹം കത്തിൽ വിശദീകരിച്ചു.
കഴിഞ്ഞ ജൂൺ 7 മുതൽ ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണിയതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകളും അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതിന്റെ പേരിൽ വ്യക്തിപരമായി പലരും തനിക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അതുകൊണ്ടാണ് ഈ വിഷയത്തിൽ ഇനി ആരോടും സംസാരിക്കേണ്ടതില്ലെന്ന് താൻ തീരുമാനിച്ചത് എന്നാണ് ചമ്പത് റായ് ഹിന്ദിയിലഴുതിയ കത്തിൽ പറയുന്നത്.

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങുന്നതിന് മുൻപ് തന്നെ അതിന്റെ മുഴുവൻ മേൽനോട്ട ചുമതലകളിലും മുൻപന്തിയിൽ ഉണ്ടായിരുന്ന ആളാണ് ചമ്പത് റായ്. കേസിൽ ഇതുവരെ 8 പേരാണ് അറസ്റ്റിലായത്. അതേസമയം, പണം തട്ടിയെടുത്ത കേസിൽ ചമ്പത് റായുടെ പങ്കിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ 1991 ഒക്ടോബർ മുതൽ താൻ ഈ സംഘടനയിലൂടെ അയോധ്യയിൽ സേവനമനുഷ്ഠിക്കുന്നുവെന്നും 45 വർഷത്തെ പൊതുജീവിതം എപ്പോഴും തുറന്ന പുസ്തകം പോലെയായിരുന്നുവെന്നും ചമ്പത് റായി കത്തിൽ പറഞ്ഞു.
അതേസമയം രാജിവെച്ച ചമ്പത് റായ്ക്കും മറ്റൊരു ട്രെസ്റ്റിയായിരുന്ന അനിൽ മിശ്രയ്ക്കും പകരം പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള ചർച്ചകളിലാണ് ക്ഷേത്ര ട്രസ്റ്റ്. താൽക്കാലിക ജനറൽ സെക്രട്ടറിയായി വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ കൃഷ്ണ മോഹനെ ട്രസ്റ്റ് നിലവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൃഷ്ണ മോഹനെ ഈ പദവിയിൽ സ്ഥിരപ്പെടുത്തണമോ എന്ന കാര്യത്തിൽ വരാനിരിക്കുന്ന ട്രസ്റ്റ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ചമ്പത് റായുടെയും മിശ്രയുടെയും രാജി തിങ്കളാഴ്ചത്തെ യോഗത്തിൽ ട്രസ്റ്റ് ഔദ്യോഗികമായി സ്വീകരിച്ചിരുന്നു. ഇതോടെ ഇരുവരും ട്രസ്റ്റിന്റെ ഭാഗമല്ലാതായി മാറിയെന്നും, ഇവർ പദവികൾ മാത്രമാണ് ഒഴിഞ്ഞതെന്നും ട്രസ്റ്റിമാരായി തുടരുമെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 22-ന് ചേരുന്ന അടുത്ത യോഗത്തിൽ പുതിയ ഭാരവാഹികളെയും ഒഴിവുള്ള തസ്തികകളിലേക്കുള്ള ആളുകളെയും ട്രസ്റ്റ് ഔദ്യോഗികമായി തീരുമാനിക്കും.












Click it and Unblock the Notifications